കൊട്ടാരക്കരയിൽ 17 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു
text_fieldsകൊട്ടാരക്കര: കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് 17 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം െവച്ച് യാത്രക്കാരായ തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകൻ, തിരുവനന്തപുരം സ്വദേശി നെൽസൻ എന്നിവർക്ക് കടിയേറ്റു.
കൊട്ടാരക്കര സ്വദേശികളായ രമേശൻ, രാജമ്മ, രാധ, ഉണ്ണികൃഷ്ണൻ, പുത്തൂർ സ്വദേശി സുനന്ദ, പട്ടാഴി സ്വദേശി അജയ് നായർ, തലച്ചിറ സ്വദേശി ആരതി, പനവേലി സ്വദേശി ശാരദ, പള്ളിക്കൽ സ്വദേശി അനിൽ, വാളകം സ്വദേശി രമണി, പെരുങ്കുളം സ്വദേശി നിഖിൽ, ആനക്കോട്ടൂർ സ്വദേശി അഭിജിത്, കൊച്ചാലുംമൂട് സ്വദേശി ജെയ്നമ്മ, വെണ്ടാർ സ്വദേശി ആതിര, ഇടയ്ക്കിടം സ്വദേശി സുഗന്ധി എന്നിവരാണ് കൊട്ടാരക്കര ടൗണിലും പരിസരങ്ങളിലുമായി നായുടെ കടിയേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
വാക്സിനേഷനും എ.ബി.സി പദ്ധതിപ്രകാരം വന്ധ്യംകരണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും നായുടെ കടിയേൽക്കുന്നവർക്ക് കുറവില്ല എന്നതാണ് വാസ്തവം.
പഞ്ചായത്തുകളും മൃഗസംരക്ഷണ വകുപ്പും തമ്മിൽ യോജിച്ച പ്രവർത്തനം ഇല്ലാത്തതുമൂലം പല പഞ്ചായത്തിലും എ.ബി.സി പ്രോഗ്രാമുകൾ പലതും പകുതി പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കൊട്ടാരക്കര താലൂക്ക് വികസന സമിതിയിൽ തെരുവ് നായ് വിഷയം സംബന്ധിച്ച് ഒരു നടപടിയും ഈ സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയിട്ടില്ല എന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകിയ മറുപടി.
പൂച്ചയുടെ കടിയേറ്റും ധാരാളം പേർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. കൊട്ടാരക്കര നഗരസഭ പ്രദേശത്ത് നിരവധി പേരെ കടിച്ച നായെ നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ പിടികൂടി പ്രത്യേകം കൂട്ടിലാക്കി. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.