മിഴിതുറക്കാൻ 46 കാമറകൾ; വെല്ലുവിളിയായി സാങ്കേതിക പ്രശ്നം
text_fieldsകൊട്ടാരക്കര: നിരത്തിലെ നിയമലംഘനം പിടികൂടാൻ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ 46 നിരീക്ഷണ കാമറകൾ 20ന് ജില്ലയിൽ മിഴി തുറക്കാനാകുമെന്ന പ്രതീക്ഷയിൽ അധികൃതർ. സാങ്കേതിക പ്രശ്നം നിലനിൽക്കുന്നത് വെല്ലുവിളിയായി മുന്നിലുണ്ട്.
നിലവിൽ കാമറയുടെ പ്രവർത്തനങ്ങളുടെ നിരീക്ഷണങ്ങൾ തിരുവനന്തപുരത്താണ് നടക്കുന്നത്. ഇത് പൂർണമായും കൊല്ലത്തേക്ക് മാറ്റി നിരീക്ഷണ കാമറയിൽപെടുന്ന നിയമ ലംഘകരെ പിടികൂടാനുള്ള ശ്രമമാണ് 20 മുതൽ നടക്കുക. എന്നാൽ, കൊട്ടാരക്കരയിലെ കൺട്രോൾ റൂം സംവിധാനത്തിലേക്ക് കാമറകളിൽനിന്നുള്ള സിഗ്നലുകൾ പൂർണമായും ലഭിക്കുന്നതിലാണ് പ്രശ്നം നേരിടുന്നത്.
2022ൽ തന്നെ ജില്ലയിൽ 50 കാമറകൾ പ്രവർത്തിപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ മൊത്തത്തിൽ 50 കാമറകൾ സ്ഥാപിച്ചു. എന്നാൽ, അപ്പോഴും സമാന സിഗ്നൽ സാങ്കേതിക പ്രശ്നം മൂലം കാമറകളുടെ പ്രവർത്തനം പൂർണതോതിൽ നടന്നില്ല.
ഇതുകൂടാതെ, ഒരുദിവസം പല കാമറ മേഖലയിലൂടെ കടന്നുപോകുമ്പോൾ ഒരു നിയമലംഘനം നടത്തുന്നത് തന്നെ ഓരോ കാമറ മേഖലയിലും വ്യത്യസ്ത കേസുകളായി പിഴ വീഴും എന്നതാണ് നേരിടുന്ന മറ്റൊരു സാങ്കേതിക പ്രശ്നം. ഇത് പരിഹരിക്കാനുള്ള ശ്രമം നടന്നുവരുകയാണ്.
ജില്ലയിൽ കഴിഞ്ഞവർഷം സ്ഥാപിച്ച 50 കാമറകളിൽ ദേശീയപാത നിർമാണം കാരണം കൊല്ലം ബൈപാസിലെ നാല് കാമറകൾ താൽക്കാലികമായി നീക്കം ചെയ്തു. നേരത്തെ 78 പേരിൽനിന്നായി 35000 രൂപ പിഴ ഇനത്തിൽ ഈടാക്കിയിരുന്നു. ഉന്നതതല നിർദേശത്തെ തുടർന്ന് പിന്നീട് പരിശോധന നിർത്തി.
എല്ലാവിധ നിയമലംഘനവും കാമറക്ക് പിടികൂടാനാകും. സിഗ്നൽ മറികടന്ന് വാഹനം ഓടിച്ചാൽ പിഴ ഈടാക്കുന്ന കാമറകളും രണ്ടിടത്ത് സ്ഥാപിച്ചിട്ടുണ്ട്. കൊട്ടാരക്കരയിലും നിലമേലുമാണ് ഇവയുള്ളത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിലാണ് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കരയിലെ കൺട്രോൾറൂം സംവിധാനവും ജില്ലയിലെ വിവിധ ഭാഗങ്ങളിലായുള്ള കാമറകളും പൂർണ തോതിൽ സജ്ജമാണ്. കൺട്രോൾ റൂമിലെ 10 കമ്പ്യൂട്ടറുകളുമായാണ് കാമറകൾ ബന്ധിപ്പിച്ചിട്ടുള്ളത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും നടത്തിയ നിയമലംഘനത്തിന്റെ വിവരങ്ങളും ഉൾപ്പെടെ കാമറകളിൽ നിന്ന് ലഭിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി 10 ജീവനക്കാർ വീതം സദാസമയവും കൺട്രോൾ റൂമിൽ ഉണ്ടാകും. എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 11 അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ജില്ലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.