അനാശാസ്യകേന്ദ്രത്തിൽ ലോറി ഡ്രൈവറെ മർദിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: സെൻറ് ഗ്രിഗോറിയസ് കോളജിന് സമീപത്ത് വീട് വാടകക്കെടുത്ത് പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽവെച്ച് ലോറിഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ.
മേലിലമംഗലത്ത് പുത്തൻവീട്ടിൽ വിനീത് (40), മേലില രാഹുൽ സദനത്തിൽ അനന്തകൃഷ്ണൻ (28) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസം വിതുര സ്വദേശിയായ ലോറി ഡ്രൈവറെ വിനീതും അനന്തകൃഷ്ണനും മൊബൈലിൽ യുവതികളുടെ ചിത്രം കാണിച്ച് വിതുരയിൽനിന്ന് കൊട്ടാരക്കരയിലെ വാടക വീട്ടിൽ എത്തിച്ചു.
തന്നെ കാണിച്ച ഫോട്ടോയിൽ കണ്ട സ്ത്രീകളല്ല അവിടെ ഉണ്ടായിരുന്നതെന്ന് പറഞ്ഞ് ചോദ്യം ചെയ്ത ഇയാളെ ഇരുവരും മർദിക്കുകയും കൈയിലുണ്ടായിരുന്ന 5000 രൂപ പിടിച്ചെടുക്കുകയും ചെയ്തതായാണ് പരാതി.
രാത്രി ഏഴോടെ ലോറി ഡ്രൈവർ കൊട്ടാരക്കര പൊലീസിൽ ഫോൺ വഴി വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അനാശാസ്യ കഥ പുറത്തറിയുന്നത്.
വിവരം അറിഞ്ഞ് സമീപത്തെ നാട്ടുകാർ എത്തി പ്രതിഷേധിക്കുകയും കൂകി വിളിക്കുകയും ചെയ്തു. മർദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ ഓട്ടോയിലും പരാതിക്കാരനെ പൊലീസ് ജീപ്പിലും കയറ്റി കൊട്ടാരക്കര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടർന്ന് സ്ത്രീകളെ പൊലീസ് സംരക്ഷണം നൽകി വിട്ടയച്ചു. മർദനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നര മാസമായി ഇവർ വീട്വാടകക്ക് എടുത്ത് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവരുകയാണെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.