പുലമൺതോട് പുനരുജ്ജീവനത്തിന് തീരുമാനം
text_fieldsകൊട്ടാരക്കര: മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ പുലമൺ തോടിന്റെ വീണ്ടെടുപ്പിനായുള്ള ജനകീയ ഇടപെടലുകൾക്ക് തുടക്കമായി. മീൻപിടിപ്പാറയിൽനിന്ന് തുടങ്ങി കൊട്ടാരക്കര നഗരസഭ, മൈലം, കുളക്കട പഞ്ചായത്ത് പ്രദേശങ്ങളിലൂടെ 20 കിലോമീറ്ററോളം ഒഴുകി കല്ലടയാറ്റിൽ പതിക്കുന്ന പുലമൺ തോട് ഖര, ദ്രവ മാലിന്യങ്ങളുടെ നിക്ഷേപം കാരണം ഉപയോഗശൂന്യമാണ്. തോടിന്റെ ശരാശരി വീതി 10 മീറ്ററാണ്.
മിക്കയിടത്തും കൈയേറ്റങ്ങൾ മൂലം തോട് ചുരുങ്ങിയിട്ടുണ്ട്. മണ്ണിടിച്ചിലിനാൽ ആഴവും കുറയുന്നു. ശോഷിച്ച നീരൊഴുക്കും മാലിന്യനിക്ഷേപവുംമൂലം തോടിന്റെ പെരുമ നഷ്ടപ്പെട്ടു. വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവയിൽനിന്നുള്ള ഖര, ജല മാലിന്യം, പ്ലാസ്റ്റിക് സാധനങ്ങൾ, കുപ്പികൾ എന്നിവക്കുപുറമെ ഹോട്ടലുകൾ, വ്യവസായസ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ എന്നിവയിൽ നിന്നെല്ലാം മാലിന്യം തോട്ടിൽ എത്തുന്നു. തോട് നവീകരണത്തിനൊപ്പം ഭാവിയിലെ സംരക്ഷണംകൂടി ഉറപ്പാക്കുന്ന നിലയിലാണ് പദ്ധതിയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ആഭിമുഖ്യത്തിൽ തോടിന്റെ ജി.ഐ.എസ് അധിഷ്ഠിത സർവേ പൂർത്തിയാക്കി. അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തി. മാലിന്യനിക്ഷേപത്തിനെതിരായും തോടിന്റെ ശുദ്ധമായ നീരൊഴുക്ക് ഉറപ്പാക്കുന്നതിനും പൊതുവായ പ്രചാരണം നടത്തും. ഒപ്പം കൈയേറ്റങ്ങൾ അടക്കം വിഷയങ്ങളിൽ ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും.
വിവിധ സർക്കാർ വകുപ്പുകൾ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാരികൾ, വ്യവസായികൾ, വിദ്യാർഥി, യുവജന, തൊഴിലാളിസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, മതസാമുദായിക, സന്നദ്ധ സംഘടനകൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കലാ സാംസ്കാരിക സമിതികൾ, ആരാധനാലയങ്ങളുടെ ഭരണസമിതികൾ, ലൈബ്രറി കൗൺസിൽ, എൻ.സി.സി, എൻ.എസ്.എസ്, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമ സേന, അംഗൻവാടി, ആശ പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും അണിനിരത്തും.
മാലിന്യനിക്ഷേപകരായ മുഴുവൻ പേരെയും സഹകരിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരപ്രദേശത്ത് ഓരോ അമ്പത് മീറ്റർ ദൂരത്തും പഞ്ചായത്ത് പ്രദേശങ്ങളിൽ ഒരോ നൂറ് മീറ്റർ ദൂരത്തിലും ഇത്തരത്തിൽ തോട് സംരക്ഷണ സഭകൾ രൂപവത്കരിച്ചിട്ടുണ്ട്.
പുലമൺ ജങ്ഷനിൽ നവീകരിക്കപ്പെടുന്ന തോടിനുമുകളിൽ കുറുകെയായി 100 മീറ്റർ നീളത്തിൽ ജനകീയ പാർക്കും വിഭാവനം ചെയ്തിട്ടുണ്ട്. തോട് നവീകരണപ്രവർത്തനങ്ങളുടെ മുന്നോടിയായി കൊട്ടാരക്കര മുനിസിപ്പാലിറ്റി മെഗാ ക്ലീനിങ് കാമ്പയിനും ഏറ്റെടുത്തു. സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായി മാലിന്യമുക്ത കൊട്ടാരക്കര മണ്ഡലം പരിപാടികളും വ്യാഴാഴ്ച മുതൽ തുടങ്ങും.
ആദ്യദിനം ശുചീകരണം നടന്നില്ല
കൊട്ടാരക്കര: മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനവും പുലമൺതോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചെങ്കിലും പുലമൺതോട് നവീകരണം ആദ്യദിവസം നടന്നില്ല.
പുലമൺതോട് ഭാഗങ്ങളുടെ നവീകരണം രണ്ടായിരത്തോളം പേർ ചേർന്ന് ബുധനാഴ്ച തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് പുലമൺതോടിന്റെ നവീകരണത്തിന് മീൻപിടിപാറമുതൽ കുന്നക്കര പാലം വരെ 11 ഭാഗങ്ങളായി തിരിച്ച് വിവിധ സന്നദ്ധ സംഘടനകൾ ശുചീകരണപ്രവർത്തനങ്ങൾക്ക് ഏർപ്പെടുമെന്ന് അറിയിച്ചിരുന്നു.
മീൻപിടിപ്പാറ-കരിങ്ങോട്, കരിങ്ങോട്ട്-വട്ടവിള, വട്ടവിള നടപ്പാലം-ജൂബിലി മന്ദിരം, ജൂബിലിമന്ദിരം-അണയുടെ ഭാഗം, അണയുടെ ഭാഗം-എൻ.എച്ച് പാലം, എൻ.എച്ച് പാലം-എൽ.ഐ.സി, എൽ.ഐ.സി പുലമൺ പെേരപ്പാടൻസ്, പെരേപ്പാടൻസ്-നടപ്പാലം, നടപ്പാലം-ഐസക് നഗർ, ഐസക് നഗർ-കുന്നക്കര പാലം- നഗരസഭ അതിർത്തി എന്നിവിടങ്ങളിൽ ശുചീകരണം നടത്തുമെന്നായിരുന്നു അറിയിപ്പ്.
വിദ്യാർഥികളും സന്നദ്ധസംഘടനകളും കുടുംബശ്രീ ഹരിതകർമസേനാംഗങ്ങളും തൊഴിലുറപ്പുതൊഴിലാളികളും െറസി. അസോസിയേഷനുകളും വ്യാപാരികളും ശുചീകരണത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിരുന്നു. വ്യാഴാഴ്ച മുതൽ നവീകരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.