കൊട്ടാരക്കരയിലെ പ്രധാന റോഡുകളെല്ലാം തകർന്നു
text_fieldsകൊട്ടാരക്കര: കൊട്ടാരക്കരയിലെ പ്രധാന റോഡുകളെല്ലാം തകർന്ന് വാഹനയാത്ര ദുഷ്കരമായി. എം.സി റോഡും ദേശീയ പാതയുമടക്കം തകർച്ച നേരിടുന്നു. കൊട്ടാരക്കര-പുത്തൂർ റോഡ്, പുത്തൂർ -ചീരങ്കാവ് റോഡ്, രവിനഗർ - കെ.എൻ.എസ് റോഡ്, ഗേൾസ് ഹൈസ്കൂൾ റോഡ് തുടങ്ങിയവയെല്ലാം തകർന്നവയിൽപെടും. എം.സി റോഡിൽ പല ഭാഗങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. നവീകരണ ശേഷം ആയൂർ മുതൽ കുളക്കട വരെ അപകടമേഖലയായി. വാഹനാപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങൾ വിരളമാണ്. പഠനങ്ങൾ പല തവണ നടന്നിട്ടും പരിഹാരമുണ്ടായില്ല.
രവി നഗറിൽ നിന്ന് ദേശീയ പാതയിലെത്തിച്ചേരുന്ന റോഡാണ് കെ.എൻ.എസ് റോഡ്. ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി. മിക്കയിടത്തും ടാറിംഗ് അവശേഷിക്കുന്നില്ല. കാൽനട യാത്ര പോലും ദുഷ്കരമാണ്. ഓയൂർ റോഡിൽ നിന്നാരംഭിക്കുന്നതാണ് ഗേൾസ് ഹൈസ്കൂൾ റോഡ്. വിദ്യാഭാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഈ റോഡു വശങ്ങളിലുണ്ട്. റോഡ് തകർന്നു തരിപ്പണമായിട്ട് 20 വർഷത്തോളമായി. പത്ത് വർഷം മുൻപ് റോഡ് ന വീകരണത്തിനായി കൊടിക്കുന്നിൽ സുരേഷ് എം.പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. തുടർ നടപടികൾക്ക് അധികൃതർ തയ്യാറായില്ലെന്ന് എം.പി ആരോപിക്കുന്നു.
പുത്തൂരിൽ നിന്നു ദേശീയപാതയിലെത്തിച്ചേരുന്ന പ്രധാന റോഡാണ് പുത്തൂർ -ചീരങ്കാവ് റോഡ്. മിക്കയിടവും പൊട്ടിപ്പൊളിഞ്ഞു. മഴ പെയ്തതോടെ തകർച്ച പൂർണമായി. കഴിഞ്ഞ ദിവസം ഈ റോഡിൽ കുഴിയടക്കൽ നാടകം അരങ്ങേറി. എന്നാൽ നാട്ടുകർ ഒന്നടങ്കം ഇത് തടഞ്ഞു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര-പുത്തൂർ-ഭരണിക്കാവ് റോഡിന്റെ നവീകരണത്തിന് കിഫ്ബി ഫണ്ടിൽ നിന്ന് തുക അനുവദിക്കുകയുണ്ടായി. മൂന്ന് തവണയായി മൂന്ന് ലെലയർ ടാറിങ് നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ കരാറുകാരൻ ഒരു ലയർ ടാറിങ് നടത്തിയ ശേഷം നിർമാണം ഉപേക്ഷിച്ചു. അഞ്ചു വർഷം കഴിഞ്ഞിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാനോ പകരം കരാർ നൽകാനോ അധികൃതർ തയ്യാറായിട്ടില്ല. ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മുസ്ലിം സ്ട്രീറ്റിൽ റോഡ് പൂർണമായി തകർന്നു. കല്ലുംമൂട്, പഴയ ചിറ, പാങ്ങോട് തുടങ്ങിയ ഭാഗങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.