ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു; മൂന്നുപേര്‍ക്ക് കുത്തേറ്റു
text_fields
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു. മൂന്നുപേര്‍ക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരന് വിനീത് (ശിവന്), കൊട്ടാരക്കര സ്വദേശി രാഹുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുറുമ്പാലൂര്‍ സരസ്വതി വിലാസത്തില്‍ സജയകുമാര്‍ (28), പള്ളിക്കല്‍ ചെമ്പന്‍പൊയ്കയില്‍ വിജയകുമാര്‍ (24), കരിക്കോട് മുണ്ടോളില്‍ പുത്തന്‍വീട്ടില്‍ അഖില്‍ (26), കൊട്ടാരക്കര ശ്രേയസ് ഭവനില്‍ ലിജിന്‍ (31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയില്‍ വാടകക്ക് താമസിക്കുന്ന സിദ്ദീഖിന് മര്‍ദനത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ മുമ്പ് പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ചർച്ച നടന്നു. ഇതിനിടെ ഇരുസംഘങ്ങളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ചര്‍ച്ചക്കെത്തിയ സിദ്ദീഖിനെയും സുഹൃത്ത് ഹാരിസിനെയും എതിര്‍വിഭാഗം മര്‍ദിച്ചു. പരിക്കേറ്റ സിദ്ദീഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇരുകൂട്ടരിലും ഉള്‍പ്പെട്ടവര്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തി. സിദ്ദീഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുെവച്ച് ചര്‍ച്ച തുടങ്ങവെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് വഴിമാറിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറുകയും അക്രമിസംഘം പിന്നാലെയെത്തി ആക്രമിക്കുകയുമായിരുന്നു. പ്രസവമുറിയിലും ഓപറേഷന് തിയറ്ററിലുമെല്ലാം ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറെനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.
അവശനിലയിലായ രാഹുലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും വിഷ്ണു, വിനീത് (ശിവന്) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തിരുന്ന നാല് പേരെയും കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടര്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.