ബൈക്കിൽ സെൽഫി, അഭ്യാസം; കൂട്ടിയിടിച്ച് രണ്ടായി മുറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്
text_fieldsകൊട്ടാരക്കര: എം.സി റോഡിൽ മത്സരയോട്ടവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കളുടെ ബൈക്ക് വാളകം പൊലികോട് ജങ്ഷന് സമീപം അപകടത്തിൽപെട്ടു. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു അപകടം. യുവാക്കൾ ആയൂരിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് നാല് ബൈക്കുകളിലായി മത്സരയോട്ടം നടത്തിവരുകയായിരുന്നു.
പൊലികോടിന് സമീപമെത്തിയപ്പോൾ ആദ്യം പോയ ബൈക്കിലെ യുവാവ് പിന്നാലെ വന്ന ബൈക്കിലെ യുവാക്കൾക്കൊപ്പം ഓട്ടത്തിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ബുള്ളറ്റ് ഇടിച്ചുതെറിപ്പിച്ച ശേഷം റോഡിന്റെ വശത്ത് കടക്ക് മുന്നിലായി പാർക്ക് ചെയ്ത ബൈക്കും തകർത്തു.
കടക്ക് മുന്നിൽ വിൽപനക്കുവെച്ചിരുന്ന അർബാന ഉൾപ്പെടെ ഉപകരണങ്ങളിൽ തട്ടി ബൈക്ക് രണ്ടായി ഒടിഞ്ഞു. ബുള്ളറ്റ് യാത്രികനായ എം.ബി.എ വിദ്യാർഥി വാളകം ശ്രീനിലയത്തിൽ ശ്രീകുമാറിന്റെ മകൻ അശ്വന്ത് കൃഷ്ണന് (24) കാലിന് ഗുരുതര പരിക്കേറ്റു. അശ്വന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വന്തിന്റെ ബുള്ളറ്റിലിടിച്ച ബൈക്ക് യാത്രികനായ പത്തനംതിട്ട സ്വദേശി ആരോമലിനെയും (19) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് ബൈക്കുകൾ നിർത്താതെ ഓടിച്ചുപോയി. ഒരു ബൈക്ക് പിന്നീട് പൊലീസ് എം.സി റോഡിൽ തന്നെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തി. മത്സരയോട്ടത്തിൽ പങ്കെടുത്ത നാല് ബൈക്കുകൾക്കും നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആയൂർ ഭാഗത്തുവെച്ച് പൊലീസ് ഇവരെ കൈകാണിച്ചെങ്കിലും നിർത്തിയിരുന്നില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.