ചന്ദ്രയാൻ ദൗത്യം: പങ്കാളികളായി കൊട്ടാരക്കര സ്വദേശികളും
text_fieldsകൊട്ടാരക്കര: ചന്ദ്രയാൻ -3 ശ്രീഹരി കോട്ടയിൽനിന്ന് വിക്ഷേപിച്ച ദൗത്യത്തിൽ ജില്ലക്കും അഭിമാനത്തിളക്കം. ലോഞ്ച് വെഹിക്കിൽ പ്രോജക്ട് എൻജിനീയർ കൊട്ടാരക്കര സ്വദേശി കൃഷ്ണകുമാറും സയന്റിസ്റ്റ് എൻജിനീയർ (ഡി) നെടുവത്തൂർ സ്വദേശി അനൂപുമാണ് ദൗത്യത്തിൽ ഏർപ്പെട്ടത്.
കൊട്ടാരക്കര പടിഞ്ഞാറ്റതിൽ ഗീതാലയത്തിൽ രാജഗോപാലൻ നായരുടെയും രുഗ്മിണി അമ്മയുടെയും മകനാണ് കൃഷ്ണകുമാർ. ആദ്യം ജോലി കിട്ടിയത് റെയിൽവേയിലായിരുന്നു. മൂന്നു വർഷം അവിടെ ജോലി ചെയ്തു. 1998 ഡിസംബർ ഒന്നിന് ഐ.എസ്.ആർ.ഒയിൽ ജോലിയിൽ പ്രവേശിച്ചു. ഐ.എസ്.ആർ.ഒയുടെ വിവിധ പ്രൊജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ചന്ദ്രയാൻ -3 ന്റെയും ഭാഗമാവുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ പോരായ്മകൾ പരിഹരിച്ചാണ് ഇത്തവണ ദൗത്യം പൂർത്തീകരിച്ചതെന്ന് കൃഷ്ണകുമാർ പറഞ്ഞു. അനിലയാണ് ഭാര്യ. മകൻ: ഗോപീകൃഷ്ണൻ.
ചന്ദ്രയാൻ സ്പേസ് ക്രാഫ്റ്റിന്റെ ലോഞ്ച് ടീമിലെ സയൻറിസ്റ്റ് എൻജിനീയ(ഡി)റാണ് അനൂപ്. കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരി ജങ്ഷൻ വസന്ത മന്ദിരത്തിൽ റിട്ട.അധ്യാപകനായ സദാശിവൻപിള്ളയുടെയും വസന്തകുമാരിയുടെയും മകനായ അനൂപ് ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക്കിൽ മികച്ച വിജയം നേടിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സിൽ എം.ടെക്കിന് ചേർന്നത്. ഒരു വർഷം തികയും മുമ്പേ 1999ൽ ബംഗളൂരുവിൽ ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചു. രണ്ട് പതിറ്റാണ്ടിനിടയിൽ ഐ.എസ്.ആർ.ഒ വഴി രാജ്യത്തിന്റെ അഭിമാനമായ പല പദ്ധതികളിലും അനൂപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ചന്ദ്രയാൻ -രണ്ടിനായി അഞ്ച് മാസത്തെ പരിശ്രമം വേണ്ടിവന്നിരുന്നു. ചന്ദ്രയാൻ രണ്ടിന് സാധിക്കാതെ പോയത് ഇക്കുറി സാധിക്കും. ലക്ഷ്യം അതിനും അപ്പുറമാണെന്ന് അനൂപ് പറഞ്ഞു. രണ്ടര മാസം മുമ്പാണ് ചന്ദ്രയാൻ-3 ദൗത്യസംഘത്തിൽ അനൂപ് ഉൾപ്പെട്ടത്. തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിലാണ് അനൂപും ഭാര്യ ലക്ഷ്മിപ്രിയയും മക്കളായ ദിയയും രോഹിതയുമടങ്ങുന്ന കുടുംബം ഇപ്പോൾ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.