കോട്ടാത്തലയിൽ കരിങ്കൽ ക്വാറിയിൽ സംഘർഷം; മുൻ പഞ്ചായത്തംഗം ഉൾെപ്പടെ മൂന്നുപേർക്ക് പരിക്ക്
text_fieldsകൊട്ടാരക്കര: കോട്ടാത്തലയിൽ കരിങ്കൽ ക്വാറിയിൽ സംഘർഷം. മുൻ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്, ക്വാറി അടച്ചു. കോട്ടാത്തല പടിഞ്ഞാറ് കളങ്ങുവിള ഭാഗം ചാപ്രയിൽ ക്വാറിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതര മുതലാണ് സംഘർഷത്തിന് തുടക്കം. കൂട്ട അടിയായതോടെ പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾക്ക് അയവുണ്ടാക്കിയത്.
അഞ്ചു മാസമായി അടഞ്ഞുകിടന്ന ക്വാറി നാലു ദിവസം മുമ്പാണ് പ്രവർത്തനം തുടങ്ങിയത്. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ താമസിക്കുന്ന ബി.ജെ.പി പ്രവർത്തകനായ ഷൈൻ കുമാറിന്റെ വാഹനങ്ങൾക്ക് ക്വാറിയിൽനിന്നും കരിങ്കല്ല് കൊടുക്കേണ്ടെന്ന് കോട്ടാത്തല വാർഡ് മെംബർ എസ്. ത്യാഗരാജൻ ഇടപെട്ട് പറഞ്ഞുവെന്നാരോപിച്ചാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ക്വാറി ഉടമ കരിങ്കല്ല് നൽകാൻ തയാറായിട്ടും പഞ്ചായത്തംഗം എതിർത്തതോടെ വാക്കുതർക്കമായി. തുടർന്ന് ഇരു വിഭാഗങ്ങളും സംഘടിച്ചു. കരിങ്കല്ലെടുക്കാൻ എത്തിയ ലോറി ഡ്രൈവർമാർക്ക് പുറമെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സംഘടിച്ചത് കൂട്ട അടിയിലേക്കെത്തി. സംഘർഷത്തിൽ മുൻ വാർഡ് മെംബറും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായ ബി. ഷാജി (45), ഡി.വൈ.എഫ്.ഐ തേവലപ്പുറം മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് കോട്ടാത്തല തലയണിവിള നിഷാന്ത് ഭവനിൽ നിഷാന്ത് (34), ഐവർകാല സ്വദേശി മഹേഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് മെംബർ എസ്. ത്യാഗരാജനെയും പ്രദേശവാസി പ്രമോദിനെയും കൈയേറ്റം ചെയ്യാനും ശ്രമം നടന്നതായി പരാതിയുണ്ട്.
ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്. ക്വാറിയിൽ സംഘടിച്ചുനിന്നവരെ പൊലീസ് ഇടപെട്ട് നീക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുമുള്ള 25 പേർക്കെതിരെ പുത്തൂർ പൊലീസ് കേസെടുത്തു. ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.