സഞ്ചാരികളെ വരൂ.., ഏനാത്ത് വീണ്ടും സൂര്യകാന്തി പൂത്തു
text_fieldsകൊട്ടാരക്കര: എം.സി റോഡിൽ കുളക്കട ഏനാത്ത് പാലത്തിനു സമീപം വഴിവക്കിൽ പൂത്തുലഞ്ഞ സൂര്യകാന്തി സൗന്ദര്യം സഞ്ചാരികൾക്ക് കണ്ണിന് കുളിർമയാകുന്നു.
ഏനാത്ത് പോളച്ചിറ ഷാജിഖാന്റെ കൃഷിയിടത്തിലാണ് സൂര്യകാന്തി പൂത്ത് നിൽക്കുന്നത്. എം.സി റോഡ് വഴി സഞ്ചരിക്കുന്നവർ വാഹനം നിർത്തി സൂര്യകാന്തി പാടത്തിലേക്ക് ഇറങ്ങി അതിന്റെ ഭംഗി ആവോളം ആസ്വദിച്ച ശേഷം കുടുംബവുമൊത്തും ഫോട്ടോകളും എടുത്താണ് മടക്കം.
ശീതകാല പച്ചക്കറി കൃഷിക്ക് ഒപ്പമാണ് സൂര്യകാന്തി പൂക്കൾ വിടർന്ന് ശോഭ പരത്തി നിൽക്കുന്നത്. നെല്ല്, എള്ള്, ചോളം, വിവിധയിനം പച്ചക്കറികൃഷി എന്നിവയിൽ നേടിയ വിജയമാണ് സൂര്യകാന്തിയുടെ പരീക്ഷണ കൃഷിയിലേക്ക് നയിച്ചത്. സുന്ദരപാണ്ഡ്യപുരം സന്ദർശിച്ചപ്പോൾ ഷാജിഖാന്റെ കൃഷിയിടത്തിലെ നേട്ടങ്ങൾ കേട്ടറിഞ്ഞ തമിഴ്നാട്ടിലെ കർഷകർ നൽകിയ വിത്ത് ഉപയോഗിച്ചാണ് കഴിഞ്ഞ വർഷം വീടിനോട് ചേർന്ന പറമ്പിൽ കൃഷിയിറക്കിയത്.
രണ്ടാം വർഷവും വിത്തിട്ട് 60 ദിവസം പിന്നിട്ടപ്പോൾ മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. നല്ല പരിചരണം കൂടി ലഭിച്ചതോടെ എല്ലാ ചെടികളിലും പൂക്കൾ വിരിഞ്ഞു. പൂക്കൾ നിറയെ, ചെറു തേനീച്ചക്കൂട്ടമാണ്.
തമിഴ്നാട്ടിലെ സൂര്യകാന്തി പാടത്ത് പരാഗണത്തിന് തേനീച്ചയുടെ അഭാവം കാരണം കൃത്രിമ പരാഗണത്തെയാണ് കർഷകർ ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ കൃഷിയിടത്തിലെ സൂര്യകാന്തി പൂക്കൾ തേനീച്ച കൈയടക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ പ്രത്യേക സീസണിൽ മാത്രമാണ് സൂര്യകാന്തി വിത്തിറക്കുന്നത്. കേരളത്തിൽ ഏതു സമയത്തും കൃഷിയിറക്കാമെന്നാണ് കർഷകൻ പറയുന്നത്.
രണ്ടു സെന്റിലെ പരീക്ഷണ കൃഷി വിജയിച്ചതോടെ കൃഷി വിപുലമാക്കാനുള്ള ആഗ്രഹത്തിലാണീ കർഷകൻ. 90 സെന്റിൽ പച്ചക്കറി കൃഷിയുണ്ട്. കൂടാതെ കളമല ഏലായിൽ തുടർച്ചയായി നെൽക്കൃഷിയും നടത്തി വരുന്നു. ഇക്കുറി അധികം വന്ന നെൽവിത്ത് കരയിൽ വിതറി. കരയിലെ നെൽച്ചെടിയും പാകമായി വരുന്നു.
ശീതകാല വിളകളായ കോളി ഫ്ലവറും കാബേജും പാകപ്പെടുത്താനുള്ള തിരക്കിലാണ്. ആധാരമെഴുത്ത് തൊഴിലിനൊപ്പമാണ് ഷാജിഖാൻ കാർഷിക മേഖലയിലും മികവു തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.