പൊതുശൗചാലയത്തിന്റെ പണി തീർന്നില്ല; ചെയർമാൻ ഉദ്ഘാടനം നടത്താതെ മടങ്ങി
text_fieldsകൊട്ടാരക്കര: നഗരസഭയുടെ റെയിൽവേ സ്റ്റേഷന് സമീപത്തെ പൊതുശൗചാലയത്തിന്റെ പണി തീരാഞ്ഞതിനാൽ ഉദ്ഘാടനം നടത്താതെ നഗരസഭ ചെയർമാൻ എ. ഷാജു മടങ്ങി. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ കരാറുകാരന് നിർദേശം നൽകിയ ശേഷം വൈകീട്ട് നാലോടെ ഉദ്ഘാടനം നിർവഹിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് ഉദ്ഘാടനത്തിനായി ചെയർമാൻ ഉൾപ്പെടെ കൗൺസിലർമാർ എത്തിയെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചില്ലെന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കേന്ദ്ര ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് നാലുവർഷം മുമ്പാണ് ശൗചാലയ നിർമാണം ആരംഭിച്ചത്.
ഉദ്ഘാടനത്തിനെത്തിയപ്പോൾ കെട്ടിടത്തിന്റെ മുന്നിലെ പൈപ്പ് പൊട്ടി ജലം ഇന്റർലോക്ക് വഴി പുറത്തേക്കൊഴുകുകയായിരുന്നു. ശൗചാലയത്തിന്റെ ഉള്ളിലെ ഫ്ലഷ് ടാങ്ക് ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഉദ്ഘാടനത്തിനായി പണിത ശിലാഫലകത്തിൽ കെട്ടിടം നിർമിച്ചതിന്റെ ഫണ്ട് എത്രയെന്ന് കാണിച്ചിരുന്നുമില്ല. തുടർന്ന് ബി.ജെ.പി പ്രതിഷേധവുമായെത്തി. പ്രവർത്തകർ ശൗചാലയത്തിന്റെ മുന്നിൽ റീത്ത് വെച്ചു.
ശൗചാലയത്തിന്റെ ഉപകരണങ്ങൾ പലതവണ സാമൂഹിക വിരുദ്ധർ തകർത്തിരുന്നു. പുലമൺ സ്വകാര്യ ബസ് സ്റ്റാൻഡിൽ മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്ന പൊതുശൗചാലയമുണ്ടായിരുന്നത്. ചന്തക്കുള്ളിൽ ഉണ്ടെങ്കിലും ഉപയോഗ യോഗ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.