തേവലപ്പുറം കളി സ്ഥലം നിർമാണം ഇഴയുന്നു
text_fieldsകൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം കളി സ്ഥലത്തിന്റെയും മിനി സ്റ്റേഡിയത്തിന്റെയും നിർമ്മാണ ജോലി ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു. കഴിഞ്ഞ നവംബറിലാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്. ഒരു വർഷമെത്തുമ്പോഴും ഏറെ ജോലികൾ ശേഷിക്കുകയാണ്. ജില്ല- സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വളറെ ദൂരം സഞ്ചരിച്ചു മറ്റ് കളിയിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഒന്നരക്കോടി രൂപ ചെലവിട്ടാണ് തേവലപ്പുറത്ത് സ്റ്റേഡിയം നിർമ്മിക്കുന്നത്. സംസ്ഥാന കായിക വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം.
ആറ് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചുറ്റുമതിലും ടൊയ്ലറ്റും നിർമ്മിച്ചത് മാത്രമാണ് പ്രധാന നിർമ്മാണം. 1.67 ഏക്കർ ഭൂമി ഇവിടെയുണ്ട്. സ്റ്റേഡിയത്തിന്റെ നടുഭാഗത്താണ് പുറമെ നിന്നുകൊണ്ടുവന്ന മണ്ണിട്ട് കൂനകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവ വെട്ടി നിരപ്പാക്കാൻ പോലും നടപടിയുണ്ടാകുന്നില്ല. ചുറ്റുമതിലും ടൊയ്ലറ്റും പൂർത്തിയായിട്ടുണ്ട്. ഇനി കളിക്കാനുള്ള സ്ഥലം, കളി കാണാനുള്ള ഗാലറി, മിനി ഇൻഡോർ കളിസ്ഥലം, പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതകൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയൊരുക്കേണ്ടതുണ്ട്.
രണ്ടര പതിറ്റാണ്ടുമുൻപാണ് തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്ര ചിറയുടെ സമീപത്തായി മിനി സ്റ്റേഡിയം നിർമ്മിക്കാൻ ആലോചന തുടങ്ങിയത്. ഇവിടെ ഇതിനായി സ്ഥലം മാറ്റിയിടുകയും കായിക പരിശീലനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മഴപെയ്താൽ ഇവിടം ചെളിക്കുണ്ടാകും. മഴ മാറിയാലും കുറേനാളുകൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുമാണ്. കേരളോത്സവമടക്കം മറ്റിടങ്ങളിൽ വച്ചുനടത്തേണ്ട സ്ഥിതിയുണ്ടായി. ഈ വിഷയങ്ങളെല്ലാം മന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയപ്പോഴാണ് സ്റ്റേഡിയം നിർമ്മിക്കാൻ തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.