കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു; ഗേറ്റും മതിലും തകർത്തു
text_fieldsകൊട്ടാരക്കര: പൂയപ്പള്ളി മൈലോട് കോഴി മാലിന്യം കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഗേറ്റും മതിലും തകർത്തു. മാലിന്യം കലർന്ന ജലം റോഡിൽ പരന്നൊഴുകി പ്രദേശമാകെ ദുർഗന്ധപൂരിതമായി. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ മൈലോട് ഇറക്കത്ത് റേഷൻ കടയുടെ സമീപമായിരുന്നു അപകടം. തിരുവനന്തപുരം നഗരസഭയുടെ പേര് പതിച്ചിട്ടുള്ള കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. റേഷൻ കട ഉടമ ആലുംമൂട്ടിൽ സുഗുണന്റെ ഗേറ്റും മതിലും പൂർണ്ണമായി തകർന്നു.
അയൽവാസിയായ ആലുംമൂട്ടിൽ വീട്ടിൽ നളിനാക്ഷന്റെ വീടിന്റെ സംരക്ഷണ മതിൽ ഭാഗികമായി തകർന്നു. കോഴിമാലിന്യം റോഡിൽ പരന്നൊഴുകി പ്രദേശമാകെ ദുർഗന്ധം പടർന്നു. പരിസരവാസികൾ ദുർഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നുള്ള മലിനജലം റോഡിൽ പതിച്ചതാണെന്ന് വ്യക്തമായത്.
വിവരം അറിയിച്ചതതിനെ തുടർന്ന് വാർഡ് അംഗവും പൂയപ്പള്ളി പൊലീസും സ്ഥലത്തെത്തി. ലോറിയിലുണ്ടായിരുന്ന ബാക്കി മാലിന്യം മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം റോഡും പരിസരവും വെള്ളമൊഴിച്ച് ശുചീകരിക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
ഗേറ്റും മതിലും തകർന്നവർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ വാഹനം വിട്ടുനൽകി. തിരുവനന്തപുരം കോർപറേഷന്റെ ബോർഡ് വെച്ച വാഹനം കൊല്ലം പൂയപ്പള്ളി മൈലോട് എത്തിയതെന്തിനെന്നതിന്റെ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു. അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.