അമ്പലപ്പുറത്ത് വീടുകളിൽ വിള്ളൽ; ഭൂചലനമല്ലെന്ന് പ്രാഥമിക നിഗമനം
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര അമ്പലപ്പുറത്ത് മൂന്ന് വീടുകളിൽ വിള്ളൽ. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. അമ്പലപ്പുറം മാങ്ങോട് രതീഷ് ഭവനിൽ രാജു, അമ്പലപ്പുറം കാർത്തികയിൽ ആനന്ദവല്ലി ഉണ്ണിത്താൻ, അഖിൽ ഭവനിൽ മോഹനൻ പിള്ള എന്നിവരുടെ വീടുകൾക്കാണ് വിള്ളൽ സംഭവിച്ചത്.
അടുത്തടുത്ത വീടുകളാണ് മൂന്നും. രാത്രിയിൽ വൻ ശബ്ദം കേട്ടാണ് ഇവർ വീടിന് പുറത്തേക്ക് വന്നപ്പോഴാണ് വീട്ടിലെ ഭിത്തിയിൽ വിള്ളൽ കണ്ടത്. ഏറ്റവും കൂടുതൽ വിള്ളൽ ആന്ദവല്ലി ഉണ്ണിത്താന്റെ വീട്ടിലാണ്. അടുക്കളയിലെ പല ഭാഗവും വിണ്ടുകീറി കോൺക്രീറ്റ് പാളികൾ നിലം പതിക്കാവുന്ന നിലയിലാണ്.
രാജുവിന്റെ വീടിന്റെ ഭിത്തികളിൽ വലിയ തോതിൽ വിള്ളലുണ്ടായി. കാർ പോർച്ചിന്റെ മുകൾഭാഗത്തെ ഭിത്തിയും അടർന്നുമാറി. അടുക്കളയിലും അതുതന്നെയാണ് അവസ്ഥ. വിവരമറിഞ്ഞ് നഗരസഭ കൗൺസിലർ സ്ഥലത്തെത്തി.
അഖിലിന്റെ വീടിന്റെ ഭിത്തിയിലും നേരിയതോതിൽ വിള്ളൽ ഉണ്ടായി. വിവരം അറിഞ്ഞ് കൊട്ടാരക്കര വില്ലേജ് ഓഫിസർ വീടുകൾ സന്ദർശിച്ചു. വില്ലേജ് ഓഫിസർ കൊട്ടാരക്കര തഹസിൽദാറിന് നൽകിയ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയിട്ടുണ്ട്. ഇത് ഭൂചലനമല്ലെന്നും ഭൂമിയുടെ അടിക്കുള്ള പാളി തെന്നിമാറിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.