ഒഡിഷ സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡിഷ സ്വദേശിയുടേത് കൊലപാതകമെന്നുറപ്പിച്ച പൊലീസ് കേസിൽ സഹോദരീ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഒഡിഷ ബിജിപൂർ സുലഭ ഗജപതി സിങ്കുളപടാറിൽ അവയ് ബീർ (30) ആണ് കൊല്ലപ്പെട്ടത്.
അവയ് ബീറിന്റെ സഹോദരി ജ്യോതിയുടെ ഭർത്താവ് മനോജ്കുമാർ നായിക്കിനെ (38) യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ച 5.30 ഓടെ കൊട്ടാരക്കര വൃന്ദാവൻ ജങ്ഷനിൽ റോഡരികിലായി അർബൺ ബാങ്കിനു സമീപം തലയിൽ പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിലാണ് അവയ് ബീറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരു മാസമായി തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിക്കു സമീപം സഹോദരിയുടെ കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്ന അവയ് ബീർ, മനോജിന് 5000 രൂപ നൽകാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പുലർച്ച റോഡരികിൽ മൃതദേഹം കണ്ടതിനെ തുടർന്ന് റൂറൽ എസ്.പി എം.എൽ. സുനിലിന്റെയും ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ തലയിലേറ്റ മുറിവടക്കം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു.
മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗിൽ നിന്ന് ലഭിച്ച മേൽവിലാസം, മൃതദേഹം കണ്ട സ്ഥലം മുതൽ താമസ സ്ഥലം വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സമീപവാസികളെയും മറ്റും മൊഴിയെടുക്കുകയും ചെയ്തു.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി അവയ് ബീറുമായി മനോജ് വാക്കുതർക്കമുണ്ടായി. അവയ് ബീർ വഴക്കിട്ട് പിണങ്ങി കൊട്ടാരക്കര ഭാഗത്തേക്ക് തിരിച്ചു. സഹോദരി ജ്യോതിയും സഹോദരൻ പ്രദീപും മനോജ് കുമാർ നായിക്കും മറ്റൊരു ബന്ധുവും അവയ് ബീറിനെ തേടിയിറങ്ങി.
കുറെ ദൂരം പിന്തുടർന്ന ശേഷം ഇവർ തിരികെ വീട്ടിലെത്തി. പിന്നീട്, മനോജ് ഒറ്റക്ക് കൊട്ടാരക്കര ചന്തമുക്ക് വരെയെത്തി. ശേഷം മടങ്ങി തൃക്കണ്ണമംഗൽ ഭാഗത്തേക്ക് വരവെ വൃന്ദാവൻ ജങ്ഷനിൽ അവയ് ബീർ കിടക്കുന്നത് കണ്ടു. ഇവിടെ വെച്ചും പ്രതി മനോജും അവയും വഴക്കുണ്ടായി.
പ്രകോപിതനായ മനോജ് സമീപത്തുനിന്ന് സിമന്റ് കട്ട എടുത്ത് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മനോജ് തൃക്കണ്ണമംഗൽ ഭാഗത്തേക്ക് ഓടിപ്പോയി. ഈ സമയം അവയ് ബീറിനെയും മനോജിനെയും കാണാത്തതിനെ തുടർന്ന് വീണ്ടും അന്വേഷിച്ചുവരികയായിരുന്ന ബന്ധുക്കളെ ഇയാൾ കോടതി ജങ്ഷനുസമീപം കണ്ടു.
ഇവരെ തെറ്റിദ്ധരിപ്പിച്ച് കൊട്ടാരക്കര ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ ഭാഗത്തും അവരോടൊപ്പം അന്വേഷണം നടത്തി. ശേഷം അവയ് ബീർ ബംഗളൂരുവിലേക്ക് പോയി എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് മനോജ് ബന്ധുക്കളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രാഥമികാന്വേഷണങ്ങൾ നടത്തി താമസസ്ഥലത്ത് എത്തുമ്പോൾ മനോജ് ഒഡിഷയിലേക്ക് രക്ഷപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം ചെയ്തിട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു. പിന്നീട്, കൊല നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.