ഇരുമ്പനങ്ങാട് പോങ്ങാറത്തുണ്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsകൊട്ടാരക്കര: മഴക്കാലത്തും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശം, പൈപ്പ് ഉണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥ, പണം കൊടുത്തു ജലം വാങ്ങേണ്ട ഗതികേട് -ഇതാണ് ഇരുമ്പനങ്ങാട് പോങ്ങാറത്തുണ്ടിലെ പ്രദേശവാസികൾക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം പ്രദേശവാസികളായ അമ്മയും പതിമൂന്നുകാരി മകളും പാറക്കുളത്തിൽ വീണതും വെള്ളമെടുക്കാൻ പോയപ്പോഴാണ്. തുണി കഴുകാനും വീടിന് പുറത്തെ ആവശ്യങ്ങൾക്കും നാട്ടുകാർക്ക് ആശ്രയം പാറക്കുളത്തിലെ വെള്ളമാണ്.
ഉയർന്ന പ്രദേശമായതിനാൽ പോങ്ങാറത്തുണ്ട് ഭാഗത്തെ പൈപ്പുകളിൽ വെള്ളമെത്താറില്ല. എത്തിയാൽതന്നെ വല്ലപ്പോഴും മാത്രം. 1000 ലിറ്റർ വെള്ളം 400 രൂപ നിരക്കിൽ ആഴ്ചയിൽ രണ്ടുതവണ വാങ്ങുന്നവരാണ് കൂടുതലും. പോങ്ങാറത്തുണ്ട് കോളനിയിലെയും അവസ്ഥ വ്യത്യസ്തമല്ല.
പക്ഷേ, കോളനിയിൽ ആഴ്ചയിൽ രണ്ടുദിവസം പൈപ്പ് വഴി വെള്ളമെത്തും. അതു വലിയ ടാങ്കുകളിൽ ശേഖരിച്ചുവെച്ചാണ് മറ്റ് ദിവസങ്ങളിലും ഉപയോഗിക്കുന്നത്. പാറക്കെട്ട് നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ കിണർ കുത്തിയാലും വെള്ളം ലഭിക്കാൻ പ്രയാസമാണെന്ന് നാട്ടുകാർ പറഞ്ഞു.
പോങ്ങാറത്തുണ്ട് ഭാഗത്ത് അറുപതോളം കുടുംബങ്ങളുണ്ട്. ഇതിൽ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് കിണറുള്ളത്. ചില വീട്ടുകാർ 300 മീറ്ററിലേറെ ദൂരം താണ്ടി ഇരുമ്പനങ്ങാട് മെയിൻ റോഡിലെ പഞ്ചായത്ത് കിണറ്റിൽനിന്നാണ് വെള്ളം എടുക്കുന്നത്. വെള്ളം കോരി കുന്നുകയറി എത്തുമ്പോഴേക്കും തളർന്നുവീഴുന്ന അവസ്ഥയാകും.
പക്ഷേ, മറ്റു നിവൃത്തിയില്ലെന്ന് വീട്ടുകാർ പരാതി പറയുന്നു. ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും തങ്ങൾക്ക് പ്രയോജനകരമായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.