എഴുകോൺ പി.എച്ച്.സിയിൽ ഇ-ഹെൽത്ത് സംവിധാനം അവതാളത്തിൽ
text_fieldsകൊട്ടാരക്കര : പോച്ചംകോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം നിലച്ചു. കമ്പ്യൂട്ടറുകൾ തകരാറിലായതോടെ രണ്ടു മാസത്തോളമായി വീണ്ടും ഒ.പി ടിക്കറ്റ് ഉപയോഗിക്കുകയാണ്. ഏപ്രിൽ മാസത്തിൽ ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയെങ്കിലും നാലു മാസത്തിനുള്ളിൽ മൂന്ന് കമ്പ്യൂട്ടറുകളുടെയും പ്രവർത്തനം നിലച്ചു. ഇതോടെ വീണ്ടും ഒ.പി ടിക്കറ്റിലേക്ക് മാറുകയായിരുന്നു.
ഇ- ഹെൽത്ത് സംവിധാനം വഴിയാകുമ്പോൾ രോഗിയുടെ ചികിത്സ വിവരങ്ങൾ കമ്പ്യൂട്ടറുകളിലാണ് സൂക്ഷിക്കുന്നത്. രോഗി ഒ.പി കാർഡ് മാത്രം കൊണ്ടുവന്നാൽ മതിയാകും. കമ്പ്യൂട്ടർ മാറി വീണ്ടും ഒ.പി ടിക്കറ്റിലേക്കു എത്തുമ്പോൾ രോഗിക്ക് മുൻ കാലങ്ങളിൽ നൽകിയ മരുന്നുകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ആശുപത്രി ജീവനക്കാർക്ക് കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
കമ്പ്യൂട്ടറുകൾ തകരാറിലായ വിവരം അറിയാതെ വരുന്ന രോഗികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ചികിത്സ വിവരങ്ങളടങ്ങിയ ബുക്കുമായി വീണ്ടും വരേണ്ടതായ അവസ്ഥയാണിപ്പോൾ. വീണ്ടും പഴയതുപോലെ ചികിത്സ വിവരങ്ങൾ ഡോക്ടർ അടക്കം ഫയലിൽ എഴുതി സൂക്ഷിക്കേണ്ട അവസ്ഥയാണ്.
ദിനംപ്രതി നൂറോളം രോഗികളാണ് പോച്ചംകോണത്ത് എത്തുന്നത്. ഇ-ഹെൽത്ത് സംവിധാനം നിലച്ചതോടെ പകർച്ചപ്പനി ഉൾപ്പെടെ രോഗങ്ങൾ ഉള്ളവരുടെ നീണ്ടനിരയാണ്. ഇന്റർനെറ്റിന്റെ വേഗം കുറവായതിനാൽ ബുധനാഴ്ചകളിൽ കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനും താമസം നേരിടുന്നു.
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിനും തടസ്സമുണ്ട്. കമ്പ്യൂട്ടറുകളുടെ തകരാർ പരിഹരിക്കാൻ വൈകുന്നതോടെ ഫയലുകളിൽ എഴുതിസൂക്ഷിക്കുന്ന ചികിത്സവിവരങ്ങൾ കമ്പ്യൂട്ടറുകളിലേക്ക് മാറ്റുന്നത് ഭാരിച്ച ജോലിയാകും എന്ന വെല്ലുവിളിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.