എഴുകോൺ റെയിൽവേ മേൽപാലം റോഡിലെ അപകടങ്ങൾ; സുരക്ഷാ പദ്ധതി കടലാസിലൊതുങ്ങി
text_fieldsകൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയുടെ ഭാഗമായ എഴുകോൺ റെയിൽവേ മേൽപാലംറോഡിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാര നടപടികൾ കടലാസിൽതന്നെ. റോഡിന്റെ ഉയരം കുറയ്ക്കണമെന്ന ദീർഘകാല ആവശ്യം ഉൾപ്പെടെ പരിഗണിച്ച് സമർപ്പിച്ച 78 ലക്ഷം രൂപയുടെ സുരക്ഷാ പദ്ധതി പെരുവഴിയിലായി.
2021 അവസാനം ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നതതല സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിൽ ബോധ്യപ്പെട്ട റോഡാണിത്. പിന്നീട് സർവകക്ഷിയോഗം വിളിച്ചുചേർത്ത് റോഡിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചെങ്കിലും മേൽപാലം റോഡിന്റെ ഉയരം കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനാൽ യോഗം അലസിപ്പിരിയുകയായിരുന്നു.
എഴുകോൺ ജങ്ഷൻ മുതൽ മൂലക്കട ഭാഗംവരെയെങ്കിലും റോഡിന്റെ ഉയരം കുറക്കണമെന്ന ആവശ്യം പരിഗണിക്കാത്തതായിരുന്നു പ്രശ്നം. ഈആവശ്യം ഉൾപ്പെടെ ഉൾക്കൊള്ളിച്ച് പദ്ധതി ഉന്നതർക്ക് സമർപ്പിച്ചിരുന്നുവെന്നാണ് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം ഓഫിസിൽനിന്ന് ലഭിക്കുന്ന വിവരം.
പദ്ധതി സമർപ്പിച്ചിട്ട് ഒരുവർഷത്തിൽ കൂടുതലായി. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മേൽപാലം റോഡിന്റെ ഇരുവശത്തും പത്തടിയിലേറെ താഴ്ചയിൽ റോഡുകൾ കടന്നുപോകുന്നുണ്ട്. ഉയരത്തിലുള്ള റോഡിൽനിന്ന് താഴേക്ക് വീണാണ് ഇവിടെ അപകടങ്ങളുണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രി ബൈക്ക് താഴേക്ക് വീണ് നീലേശ്വരം സ്വദേശിയുടെ ഇടുപ്പെല്ലു പൊട്ടിയിരുന്നു.
ഇവിടെ കൈവരിപോലും സ്ഥാപിച്ചിട്ടില്ല. റോഡിന് ഉയരം കുറക്കാനുള്ള പദ്ധതി നടപ്പായാൽ കൈവരിയുടെ ആവശ്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഉയരം കുറക്കൽ പദ്ധതി അനന്തമായി നീളുന്നതിനാൽ കൈവരിയെങ്കിലും സ്ഥാപിച്ചു സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.