കൊട്ടാരക്കരയിലെ സർക്കാർ നഴ്സിങ് കോളജിന് അന്തിമ അനുമതി
text_fieldsകൊട്ടാരക്കര: കൊട്ടാരക്കരയിൽ സർക്കാർ നഴ്സിങ് കോളജ് തുടങ്ങുന്നതിന് അന്തിമ അനുമതിയായി. ആരോഗ്യ സർവകലാശാലയുടെ അനുമതി ലഭിച്ചതോടെ ഈ ആഴ്ച മുതൽ പ്രവേശന നടപടികൾ തുടങ്ങാനാണ് തീരുമാനം.
കേരള സർക്കാറിന്റെ അധീനതയിലുള്ള സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസിനാണ് (സി-പാസ്) കോളജിന്റെ നടത്തിപ്പ് ചുമതല. ബി.എസ്സി നഴ്സിങ് കോഴ്സിനായി 40 സീറ്റുകളാണ് അനുവദിച്ചത്.
കൊട്ടാരക്കര താലൂക്കാശുപത്രി മാതൃആശുപത്രിയായി നഴ്സിങ് കോളജ് ആരംഭിക്കുന്നതിന് സർക്കാറിൽനിന്ന് നേരത്തേ അനുമതിപത്രം ലഭിച്ചിരുന്നു. തുടർന്ന് കേരള നഴ്സിങ് കൗൺസിലിന്റെ അനുമതിയും ലഭിച്ചശേഷമാണ് ആരോഗ്യ സർവകലാശാല അന്തിമാനുമതി നൽകിയത്. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ അനുബന്ധ പ്രവൃത്തികൾ സി-പാസ് പൂർത്തിയാക്കി.
സംസ്ഥാന തലത്തിൽ ബി.എസ്സി നഴ്സിങ് പ്രവേശന നടപടികൾ സ്വീകരിക്കുന്ന എൽ.ബി.എസ് പുറപ്പെടുവിക്കുന്ന അടുത്ത അലോട്ട്മെന്റിൽ കൊട്ടാരക്കര നഴ്സിങ് കോളജും ഉൾപ്പെടും. കൊട്ടാരക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഡയറ്റ് വക കെട്ടിടമാണ് താൽക്കാലികമായി സജ്ജമാക്കിയത്. ഇവിടെ നഴ്സിങ് കോളജിന്റെ ബോർഡുകൾ രണ്ടു മാസം മുന്നേ സ്ഥാപിച്ചു. വിദ്യാർഥികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ബാച്ചുകൾ അനുവദിക്കും. കൊട്ടാരക്കര ഇ.ടി.സിയിൽ സർക്കാർ ഭൂമി നഴ്സിങ് കോളജിനായി കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിട്ടുകിട്ടുന്ന മുറക്ക് കെട്ടിട നിർമാണം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.