തകർന്ന ശൗചാലയത്തിന് ചെലവ് എത്ര...? തുക പറയാതെ നഗരസഭ
text_fieldsകൊട്ടാരക്കര: രണ്ടു മാസം മുമ്പ് കൊട്ടാരക്കരെ റെയിൽവേ സ്റ്റേഷന് സമീപം കൊട്ടാരക്കര നഗരസഭ നിർമിച്ച ശൗചാലയത്തിന്റെ തുക പറയാതെ അധികൃതർ. കേന്ദ്ര ശുചിത്വ മിഷന്റെ തുക ഉപയോഗിച്ചാണ് ഈ ശൗചാലയം നിർമിച്ചത്. കഴിഞ്ഞ ദിവസം ശൗചാലയത്തിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് കെട്ടും ടാങ്കും തകർന്നതോടെയാണ് കെട്ടിടം പണിതതിന് എത്ര രൂപ ചെലവായി എന്ന ചോദ്യം ഉയർന്നത്.
എന്നാൽ, നഗരസഭ ചെയർമാൻ, സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവർക്ക് തുക എത്രയാണെന്ന് പറയാൻ കഴിയുന്നില്ല. ശിലാഫലകത്തിൽ തുക രേഖപ്പെടുത്തിയിട്ടില്ല. പൊതു കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ചെലവഴിച്ച തുക അവിടെ രേഖപ്പെടുത്തണമെന്ന സർക്കാർ ഉത്തരവ് നഗരസഭ പാലിച്ചിട്ടില്ല.
ശൗചാലയത്തിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട കരാറുകാരന് പകുതി പണം മാത്രമേ നഗരസഭയിൽ നിന്ന് നൽകിയിട്ടുള്ളൂ. എസ്റ്റിമേറ്റിൽ ഇല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കരാറുകാരൻ നഗരസഭ അറിയാതെ രണ്ട് ദിവസം മുമ്പ് ചെയ്തിരുന്നു.
വെള്ളക്കുറവ് കാരണം ടാങ്ക് ഉയർത്തി. ടാങ്ക് നിറഞ്ഞ് ടാങ്കും വെള്ളവും ഉയരത്തിൽ നിന്നും വീണതോടെ, കോൺക്രീറ്റ് കെട്ടുകൾ നിലം പതിക്കുകയായിരുന്നുവെന്നാണ് കരാറുകാരൻ ‘മാധ്യമ’ത്തോട് പറഞ്ഞത്. ഇതിനാൽ സ്വന്തം ൈകയിൽ നിന്ന് പണം ചെലവഴിച്ച് തകർന്ന ഭാഗം നന്നാക്കി കൊടുക്കുമെന്ന് കരാറുകാരൻ പറഞ്ഞു.
അറ്റകുറ്റപ്പണിക്കായി നഗരസഭ തുക കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടെയാണ് നിർമിച്ച കെട്ടിടത്തിന്റെ തുക എത്രയെന്ന് പറയാൻ ഉത്തരവാദിത്വമുള്ള നഗരസഭ സെക്രട്ടറിക്ക് പറയാൻ സാധിക്കാത്തത്. ഇതിനെതിരെ പ്രതിഷേധവു മായി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.