ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം
text_fieldsകൊട്ടാരക്കര: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. കോക്കാട് ജയ ഭവനിൽ മനോജ് ഉണ്ണിത്താൻ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജിന്റെ ഭാര്യ ജയ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ചിരട്ടകോണം ജങ്ഷനിലായിരുന്നു അപകടം. ചിരട്ടകോണം ജങ്ഷനിൽ നിന്ന് പനവേലി ഭാഗത്തേക്ക് തിരിഞ്ഞ ബൈക്കിലേക്ക് വെട്ടിക്കവല ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ടിപ്പർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദമ്പതിമാരുടെ ശരീരത്തിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ഭാര്യ ജയക്ക് കാലിനാണ് പരിക്ക്.
പരിക്കേറ്റ ഇരുവരും അര മണിക്കൂറോളം ടിപ്പറിനടിയിൽ കുടുങ്ങി കിടന്നു. ഏറെ പണിപെട്ട് നാട്ടുകാർ ഇവരെ ടിപ്പറിനടിയിൽ നിന്നും പുറത്തെടുത്ത് ആംബുലൻസ് വിളിച്ചെങ്കിലും വരാൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു. കിളിമാനൂരിൽ പ്രവർത്തിക്കുന്ന വഴിയോര കട എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനോജ്. ബികോം വിദ്യാർഥി അഭിജിത്, പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിജ എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.