തൃക്കണ്ണമംഗൽ ഗോഡൗണിൽ പരിശോധന; നശിച്ചത് 20 ലക്ഷത്തിന്‍റെ ഭക്ഷ്യധാന്യം -ഭക്ഷ്യ കമീഷൻ
text_fieldsകൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗോഡൗണിൽ 1300 ചാക്ക് ഭക്ഷ്യധാന്യം നശിച്ചതിൽ 20 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം സബിതാബീഗം. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ സപ്ലൈകോയുടെ തൃക്കണ്ണമംഗലിലെ താൽക്കാലിക ഗോഡൗൺ തുറന്ന് പരിശോധന നടത്തി. നവംബർ ഏഴിനാണ് ഗോഡൗണിൽ വെള്ളം കയറിയത്.
കോവിഡ് കാലത്ത് രണ്ടു വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അരി കൂടുതൽ എത്തിയിരുന്നു. ഇത് അടിയന്തരമായി മാറ്റാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇവിടേക്ക് മാറ്റിയത്. കോവിഡിന് ശേഷം മറ്റ് സ്ഥലങ്ങൾ കണ്ടെത്തി ഭക്ഷ്യധാന്യ ചാക്കുകൾ മാറ്റാൻ കഴിയാത്തതിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും.
ഭക്ഷ്യകമീഷന്‍റെ വസ്തുത റിപ്പോർട്ട് അനുസരിച്ച് വീഴ്ചവരുത്തിയവർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കും. എ.ഡി.എമ്മിനോടും ജില്ല സപ്ലൈ ഓഫിസറോടും സംസ്ഥാന ഭക്ഷ്യ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അവർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടും നേരിൽ കണ്ട വസ്തുതകളും പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ.
പരിശോധന വിവരങ്ങൾ സർക്കാറിനെയും നിയമസഭ സമിതിയെയും അറിയിക്കും. ഭക്ഷ്യധാന്യ ചാക്കുകൾ സൂക്ഷിക്കുന്നതിൽ നഗരസഭക്ക് വീഴ്ചയുണ്ടെങ്കിൽ അവരെയും കക്ഷി ചേർക്കും. കുറ്റം തെളിഞ്ഞാൽ സപ്ലൈകോ മാനേജർ, ജില്ല സപ്ലൈ ഓഫിസർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഉന്നതർക്കെതിരെയും നടപടി ഉണ്ടാവും.
സപ്ലൈകോ ഗോഡൗണിൽ ആറടിയിലധികം പൊക്കത്തിൽ വെള്ളം കയറിയതിനാലാണ് ഭക്ഷ്യധാന്യചാക്കുകൾ നശിച്ചതെന്നാണ് ജില്ല സപ്ലൈ ഓഫിസർ സംസ്ഥാന ഭക്ഷ്യകമീഷന് റിപ്പോർട്ട് നൽകിയത്. 1300 ഓളം ചാക്ക് ഭക്ഷ്യധാന്യം വീടുകളിൽ എത്തേണ്ടതായിരുന്നു. ഈ ധാന്യങ്ങൾ ലാബിൽ പരിശോധിച്ചതിൽ കാലിത്തീറ്റക്ക്പോലും പറ്റാത്തതാണെന്നും വളർത്തുമൃഗങ്ങൾക്ക് മരണം സംഭവിക്കുമെന്നുമാണ് കണ്ടെത്തിയതെന്നും ഭക്ഷ്യ കമീഷൻ അംഗം സബിതാബീഗം പറഞ്ഞു .
ഇത് ജൈവവളത്തിനായി ഉപയോഗിക്കും. ഇതിൽ രജിസ്ട്രേഷനുള്ളവർക്ക് നോട്ടീസ് നൽകി രണ്ട് ദിവസത്തിനുള്ളിൽ ലേലം വിളിക്കും. ലേലം കൊള്ളുന്നവരിൽനിന്ന് സത്യവാങ്മൂലം വാങ്ങിയശേഷം മാത്രമേ ഇവിടെനിന്ന് നീക്കം ചെയ്യൂ. തൃക്കണ്ണമംഗൽ ഗോഡൗൺ അടച്ചുപൂട്ടി. ഗോഡൗണിലെ ഭക്ഷ്യധാന്യം മോശമായി സൂക്ഷിക്കുന്നതിനെതിരെ ജില്ലകളിലെ വിജിലൻസ്, കലക്ടർ, ജില്ല സപ്ലൈ ഓഫിസർ ഉൾപ്പെടുന്ന കമ്മിറ്റികളുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും.
ഉദ്യോഗസ്ഥർ കൊട്ടാരക്കരയിലെ മറ്റ് ഗോഡൗണുകളും പരിശോധിച്ചു. വെള്ളം കയറി നശിച്ച കുന്നിക്കോട് ഗോഡൗണും ഭക്ഷ്യ കമീഷൻ അംഗം സന്ദർശിച്ചു. ജില്ല സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.