കൊട്ടാരക്കരയിൽ പഴകിയ മത്സ്യം എത്തുന്നതുതടയാൻ പരിശോധന
text_fieldsകൊട്ടാരക്കര: അതിർത്തി കടന്ന് ജില്ലയിലേക്ക് പഴകിയ മത്സ്യം കൊണ്ടുവരുന്നില്ലെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ്.
ആര്യങ്കാവ് ചെക്പോസ്റ്റിൽ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് പിടിച്ചെടുത്ത 44 സാമ്പിളുകളിൽ ഒന്നിൽപ്പോലും മായം കണ്ടെത്തിയില്ല. കൊട്ടാരക്കര പട്ടണത്തിലെ ഗതാഗതപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ട്രാഫിക് മാനേജ് കമ്മിറ്റി യോഗം ചേരുമെന്ന് ആർ.ടി.ഒ പ്രതിനിധി അറിയിച്ചു. താലൂക്കിലെ സ്കൂൾ പരിസരങ്ങളിൽ ലഹരി പദാർഥങ്ങളുടെ വിൽപന നടയാൻ 44 പരിശോധനകൾ നടത്തിയതായി എക്സൈസ് പ്രതിനിധി അറിയിച്ചു.
ചന്തമുക്കിൽ നിർമിക്കുന്ന സാംസ്കാരികസമുച്ചയത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെയും ആർ. ബാലകൃഷ്ണപിള്ളയുടെയും പ്രതിമകൾ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ എസ്.ആർ. രമേശ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി, പൊലീസ്, ജിയോളജി, പി.ഡബ്ല്യു.ഡി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. പാതയോരങ്ങളിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുക, കെ.എസ്.ടി.പി റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുക, തെരുവുവിളക്കുകൾ ഉപയോഗയോഗ്യമാക്കുക, കൊട്ടാരക്കര പട്ടണത്തിലെ ഓടകൾ ശുചീകരിക്കുക, മിച്ചഭൂമി വിതരണത്തിന് നടപടികളെടുക്കുക, ചെട്ടിയാരഴികത്ത് പാലം നിർമാണം പൂർത്തിയാക്കുക, പുത്തൂർ ചന്തയിലെ അനധികൃത വാഹനങ്ങൾ നീക്കുക, കൊട്ടാരക്കര - പുത്തൂർ റോഡിൽ തകർന്ന ഭാഗങ്ങൾ സഞ്ചാരയോഗ്യമാക്കുക, ഉപയോഗശൂന്യമായ പാറക്വാറികൾക്ക് സുരക്ഷാവേലി നിർമിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിലുയർന്നു. കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.