ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ജയ്പൂർ സ്വദേശികൾ പിടിയിൽ
text_fieldsകൊട്ടാരക്കര: ഫേസ്ബുക് പ്രൊഫൈലിലൂടെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ‘തൊഴിൽ പരസ്യം’ നൽകി കൊല്ലം പോരുവഴി സ്വദേശിയുടെ മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് ജയ്പൂർ സ്വദേശികൾ കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ.
ജയ്പൂർ മാനസരോവർ സ്വദേശി മനീഷ് സെയ്ൻ (23), ജയ്പൂർ കരൗലി സ്വദേശി മോനു മഹാവർ (24), ജയ്പൂർ മാളവ്യ നഗർ സ്വദേശി അഭിഷേക് പറ്റുനി (23) എന്നിവരാണ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
ഇരയുടെ വിശ്വാസ്യത നേടിയെടുക്കാൻ ഓഫർ ലെറ്റർ, എഗ്രിമെന്റ്, വിസ ലെറ്റർ എന്നിവയുടെ കോപ്പി വാട്സ്ആപ് വഴി അയച്ചുകൊടുത്ത സംഘം അഞ്ച് തവണയായി മൂന്ന് ലക്ഷം രൂപ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ജോലി നൽകാതെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നഷ്ടപ്പെട്ട പണം ഭാഗികമായി അക്കൗണ്ടിൽ തടഞ്ഞുവെക്കാനും പൊലീസിന് സാധിച്ചു. തുടർന്ന് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിലിന്റെ നിർദേശാനുസരണം കേസ് രജിസ്റ്റർ ചെയ്തു.
സൈബർ ക്രൈം പൊലീസ് ഇൻപെക്ടർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രണ്ടാഴ്ച രാജസ്ഥാനിൽ തങ്ങി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ആഡംബര ബൈക്കുകളും വിലകൂടിയ മൊബൈൽ ഫോണുകളും പ്രതികൾ ഉപയോഗിച്ച് വന്നിരുന്നു.
ജയ്പൂർ ഘാട് ഗേറ്റിലുള്ള സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് തെളിവുകൾ കാണിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്. ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയ ലാഭശങ്കർ എന്ന രാജസ്ഥാൻ സ്വദേശിയെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
ജയ്പൂർ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് റിമാൻഡ് സഹിതം കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 24ന് ഹാജരാക്കും.
സബ് ഇൻസ്പെക്ടർ സി.എസ്. സരിൻ, സീനിയർ സി.പി.ഒ സൈറസ് ജോബ്, സി.പി.ഒ ജി.കെ. സജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.