കൊട്ടാരക്കര ജല ജീവൻ പദ്ധതി; പൈപ്പുകൾ പൊട്ടി കുടിവെള്ളം ഒഴുകുന്നു
text_fieldsകൊട്ടാരക്കര: ജലജീവൻ പദ്ധതിയുടെ വിതരണ പൈപ്പിലും കൂട്ടത്തോടെ പൊട്ടൽ. ദിവസവും ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നു. എം.സി റോഡിൽ മൈലം ജങ്ഷനിൽ ലക്ഷങ്ങൾ ചെലവിട്ട് അടുത്ത സമയത്ത് സ്ഥാപിച്ച പൈപ്പ്പൊട്ടി വൻ തോതിൽ വെള്ളം പാഴാകുകയാണ്. ഉമ്മന്നൂർ, കരീപ്ര പഞ്ചായത്തിൽ വ്യാപകമായി പൈപ്പ് പൊട്ടി.
കരീപ്ര ഗ്രാമ പഞ്ചായത്തിൽ ആന്ധ്രപ്രദേശിലെ കരാർ കമ്പനിക്കാണ് ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ ചുമതല. പൈപ്പ് സ്ഥാപിച്ച് ട്രയൽ നടത്തുന്നതിനിടെ ഒട്ടേറെ സ്ഥലങ്ങളിൽ പൊട്ടലുണ്ടായി. മൈലത്ത് പാതയോരങ്ങളിൽ കുഴിച്ചിട്ട പൈപ്പുകളിലും പൊട്ടലുകളുണ്ടായി. കോൺക്രീറ്റ് പൊട്ടിച്ച് പുറത്തെടുത്ത് വേണം അറ്റകുറ്റപ്പണി നടത്താൻ.
പൈപ്പ് കണക്ഷൻ പൂർത്തിയായ മേഖലകളിൽ ജല വിതരണം നടത്താനാണ് ഉന്നതതല നിർദേശം. എന്നാൽ, പൈപ്പ് പൊട്ടലുകൾ കാരണം മിക്കയിടത്തും വിതരണം മുടങ്ങുന്ന സാഹചര്യമാണ്. മുൻ പരിചയമില്ലാത്ത അന്തർസംസ്ഥാനതൊഴിലാളികളെയാണ് പൈപ്പിടൽ ജോലികൾക്കായി കരാർ കമ്പനികൾ നിയോഗിച്ചതെന്നാണ് പരാതി.
മിക്കയിടത്തും നാട്ടുകാരും തൊഴിലാളികളും തമ്മിൽ സംഘർഷം പതിവായി. നിരീക്ഷണ ചുമതലയുള്ളവരും അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. ഏതു ഭാഷയിൽ സംസാരിക്കണമെന്ന് അറിയില്ലെന്നാണ് വനിത പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ മിക്കയിടത്തും ജല ജീവൻ മിഷൻ പദ്ധതി കുളമായ നിലയിലാണ്. ആദ്യ പദ്ധതി പൂർത്തിയാക്കിയ മൈലം പഞ്ചായത്തിൽ പോലും ജലവിതരണം നടത്താനായില്ല. ശുദ്ധജലക്ഷാമം മിക്കയിടത്തും രൂക്ഷമാണ്.
കരീപ്ര പഞ്ചായത്തിൽ ടാങ്കറുകളിൽ ജല വിതരണം ആരംഭിച്ചു. കോടികളുടെ ജല പദ്ധതി നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിലും ടാങ്കറുകളിൽ വെള്ളം വിതരണം നടത്തേണ്ട സാഹചര്യമാണുള്ളത്. കൊട്ടാരക്കര നഗരസഭ, നെടുവത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പദ്ധതിയുടെ പ്ലാൻറിനായി സ്ഥലം ഏറ്റെടുപ്പ് പോലും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.