അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃക -മന്ത്രി
text_fieldsകൊട്ടാരക്കര: ദാരിദ്രനിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതിലൂടെയാണ് കേരളം രാജ്യത്തിന് മാതൃകയായതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ കൊട്ടാരക്കര താലൂക്കുതല അദാലത് മിനി സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണരീതിയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഉണ്ട്. അതിനായാണ് അദാലത്തുകള്‍ നടത്തുന്നത്. ജനങ്ങളുടെ കാര്യത്തില്പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അടിസ്ഥാനസൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ വളരെയേറെ മാറ്റംകൊണ്ട് വന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു. കലക്ടര്‍ അഫ്സാന പര്‍വീണ്‍, എ .ഡി.എം ആര്. ബീനാറാണി, ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആകെ ലഭിച്ച 695 പരാതികളില്‍ 677 എണ്ണം നടപടി പൂര്‍ത്തിയാക്കി.
18 പരാതികളുടെ നടപടി തുടരുകയാണ്. തിങ്കളാഴ്ച മാത്രം 359 പരാതികളാണ് ലഭിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഏഴെണ്ണം പരിഹരിച്ചു. 23പേര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് വിതരണം ചെയ്തു. കൂടാതെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വര്‍ഷങ്ങളായി പരിഹാരം കാണാതിരുന്ന 16 പരാതികളിലും അദാലത്തില്‍ തീര്‍പ്പുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.