കൊട്ടാരക്കര-നെടുവത്തൂർ ശുദ്ധജല പദ്ധതി അവതാളത്തിൽ
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര നെടുവത്തൂർ ശുദ്ധജല പദ്ധതി താളപ്പിഴയിൽ. ട്രീറ്റ്മെന്റ് പ്ലാന്റിന് ഭൂമി വാങ്ങുന്ന നടപടി അനന്തമായി നീളുന്നതിനിടെ സംഭരണ ടാങ്കുകൾ സ്ഥാപിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്ത സ്ഥിതിയാണ്.
കല്ലടയാറ്റിൽനിന്ന് ജലം പൈപ്പ് വഴി ഉഗ്രൻകുന്നിലെ ശുചീകരണ ടാങ്കിൽ എത്തിച്ച് ശുചീകരിച്ച്, പിന്നീട് നെടുവത്തൂർ, ഈയംകുന്ന്, കൊട്ടാരക്കര, കാടാംകുളം, അമ്പലപ്പുറം ഭാഗത്തെ സംഭരണികളിൽ എത്തിച്ച് പൈപ്പുകൾ വഴി വീടുകളിലെത്തിക്കുന്നതാണ് പദ്ധതി.
മന്ത്രി കെ.എൻ. ബാലഗോപാൽ 30 കോടി രൂപ അനുവദിച്ച് ഒരുവർഷം കഴിഞ്ഞിട്ടും സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിട്ടില്ല. ജലസംഭരണി സ്ഥാപിക്കാൻ നെടുവത്തൂർ പഞ്ചായത്ത് 25 സെന്റ് സ്ഥലം വാങ്ങി.
കൊട്ടാരക്കരയിലെ ട്രീറ്റ്മെന്റ് പ്ലാന്റിന് 1.20 ഏക്കർ സ്ഥലം വേണം. കരാർ നടപടികൾ പൂർത്തിയാക്കി ഭൂമി വാങ്ങാൻ തീരുമാനമായെങ്കിലും മരം മുറി വിവാദത്തിൽ നടപടികൾ വൈകുകയാണ്. വാങ്ങാൻ തീരുമാനിച്ച വസ്തുവിൽനിന്ന് ഉടമ മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് പരാതി.
കല്ലടയാറ്റിൽനിന്ന് ജലം സംഭരിക്കാനുള്ള സജ്ജീകരണങ്ങൾപോലും ആരംഭിച്ചിട്ടില്ല. വേനലിൽ എല്ലാ വർഷവും ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിച്ചാണ് വരൾച്ച അധികൃതർ നേരിടുന്നത്. ഓരോ മാസവും 25-35 ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഇനിയും ഇതു തുടരേണ്ട സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.