കൊട്ടാരക്കര പൊലീസ് സ്റ്റേഷന് ഉടൻ 'സ്ഥലംമാറ്റം'
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തുനിന്ന് ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപത്തെ പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്തേക്ക് മാറ്റുന്നു. മൂേന്നക്കർ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ജില്ല പൊലീസ് ട്രെയിനിങ് സെൻററും രണ്ട് ഫ്ലാറ്റ് സമുച്ചയവും വനിത പൊലീസ് സ്റ്റേഷനും ഇവിടെ നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ട്രെയിനിങ് സെൻററിെൻറ നിർമാണ ജോലികൾ രണ്ടാഴ്ചക്കകം തുടങ്ങും. തൊട്ടുപിന്നാലെ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ഇതിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്.
രണ്ടരക്കോടി രൂപയുടെ കെട്ടിടമാണ് നിർമിക്കുന്നത്. സ്റ്റേഷൻ ഹൗസ് ഓഫിസർക്കും എസ്.ഐമാർക്കും പ്രത്യേക മുറികൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, കൗൺസലിങ് മുറികൾ, കമ്പ്യൂട്ടർ ആൻഡ് വയർലെസ് മുറി, പരാതിക്കാർക്കുള്ള വിശ്രമ മുറികൾ, ശുചിമുറി, ഹൈടെക് ലോക്കപ്, കുടിവെള്ള സംവിധാനം, രേഖകൾ സൂക്ഷിക്കാനുള്ള മുറി, കോൺഫറൻസ് ഹാൾ എന്നിവയാണ് പ്രധാനമായും നിർമിക്കുക. ശിശു- സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിങ്, വാഹന പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. കച്ചേരിമുക്കിലെ തിരക്കുള്ള ഭാഗത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് പ്രയാസങ്ങൾക്ക് ഇടയാക്കിയിരുന്നു.
വിദ്യാഭ്യാസ ഓഫിസുകളും ഹെഡ് പോസ്റ്റ് ഓഫിസും ഗണപതി ക്ഷേത്രവുമൊക്കെ കച്ചേരിമുക്കിലാണുള്ളത്. കോടതികളുമുണ്ട്. ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വികസന പദ്ധതികളും തയാറാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ കച്ചേരി മുക്കിലെ കണ്ണായ സ്ഥലത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് അനുചിതമെന്ന വിലയിരുത്തലോടെയാണ് ഇവിടെനിന്ന് മാറ്റിസ്ഥാപിക്കുന്നത്. കച്ചേരിമുക്കിൽനിന്ന് പൊലീസ് സ്റ്റേഷെൻറ പ്രവർത്തനം മാറ്റിയാലും പൊലീസ് സാന്നിധ്യം ഇവിടെ ഉറപ്പാക്കും. ട്രാഫിക് സ്റ്റേഷനായി വിട്ടുകൊടുക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.