കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ ചന്തമുക്കിൽ സ്ഥാപിക്കും
text_fieldsകൊട്ടാരക്കര: ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ടിൽ പ്രത്യേകമായി ഒരുക്കുന്ന സ്ഥലത്ത് കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് നഗരസഭ ചെയർമാൻ എസ്.ആർ. രമേശ്.
കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര ശ്രീധരൻ നായർ അനുകരിക്കാനാവാത്ത അഭിനയ പ്രതിഭയായിരുന്നുവെന്ന് നടനും കെ.എസ്.എഫ്.ഡി.സി വൈസ് ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. സിനിമാ നിർമാതാവും സാംസ്കാരിക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ അഡ്വ. അനിൽകുമാർ അമ്പലക്കര പുരസ്കാര വിതരണം നടത്തി. കനകലത, അഡ്വ. ആർ. കൃഷ്ണകുമാർ, ജി. കലാധരൻ, അഡ്വ. ഉണ്ണിക്കൃഷ്ണ മേനോൻ, കണ്ണാട്ട് രവി, അഡ്വ. ഡി.എസ്. സുനിൽ, ലത പയ്യാളിൽ, മുട്ടറ ഉദയഭാനു, അഞ്ചൽ സുരേന്ദ്രൻ, എൻ. സൈനുലാബ്ദീൻ എന്നിവർ സംസാരിച്ചു.
അതുല്യ അഭിനേതാവിന്റെ പ്രതിമക്ക് വീണ്ടും ‘സ്ഥലംമാറ്റം’
കൊട്ടാരക്കര: നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമക്ക് വീണ്ടും ‘സ്ഥലംമാറ്റം’ വരുന്നു. സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലി വിവാദത്തിലായ പ്രതിമ ചന്തമുക്കിലേക്ക് മാറ്റാനാണ് പുതിയ തീരുമാനം.
ആദ്യം ഗണപതി ക്ഷേത്രത്തിന് മുന്നിലെ മണികണ്ഠൻ ആൽത്തറക്ക് സമീപത്തായിരുന്നു ശ്രീധരൻ നായരുടെ പ്രതിമ മൂടിക്കെട്ടി സ്ഥാപിച്ചിരുന്നത്.
ഉദ്ഘാടനം നടത്താനും തീരുമാനമായപ്പോൾ ദേവസ്വം ബോർഡും ഹിന്ദു സംഘടനകളും അവിടെ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുവന്നു. പ്രതിമ മാറ്റാത്ത സ്ഥിതിവന്നപ്പോൾ ഇരുകൂട്ടരും കോടതിയെ സമീപിച്ചു. പ്രതിമ രണ്ടാഴ്ചക്കുള്ളിൽ മാറ്റണമെന്ന് കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിമ മാറ്റാൻ നഗരസഭ തയാറായില്ല. പ്രതിഷേധം ശക്തമായതോടെ വീണ്ടും മാറ്റുകയായിരുന്നു. ശ്രീധരൻ നായരുടെ പേരിലുള്ള താലൂക്ക് ലൈബ്രറി അങ്കണത്തിലേക്കാണ് മാറ്റിയത്.
ലൈബ്രറി പരിസരത്ത് പ്രതിമ സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പുപറയാൻ തുടങ്ങിയിട്ടും നാളുകൾ ഏറെയായി.
എന്നാൽ, ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണത്തിൽ പ്രതിമ ചന്തമുക്കിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭ ചെയർമാൻ ഇതിന് സമ്മതം നൽകിയെന്നാണ് സംഘാടകർ പറയുന്നത്. ഇതോടെ മൂന്നാമത്തെ സ്ഥലത്തേക്കുള്ള യാത്രക്കായുള്ള ‘കാത്തിരിപ്പിലാണ്’ പ്രതിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.