സർജിക്കൽ മാലിന്യക്കൂമ്പാരമായി കൊട്ടാരക്കര താലൂക്കാശുപത്രി
text_fieldsകൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ സർജിക്കൽ മാലിന്യം നീക്കം ചെയ്യാതെ കൂമ്പാരമായി. ഓപറേഷൻ തിയറ്റർ, ജനറൽ വാർഡ്, ഇൻക്വസ്റ്റ് റൂം എന്നിവക്ക് സമീപമായി ഇവ പ്ലാസ്റ്റിക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുകയാണിവ. ഒരുമാസമായി നീക്കം ചെയ്യാതെ ദുർഗന്ധം ഉയർന്നതിനെതുടർന്നാണ് സംഭവം പുറത്തറിയുന്നത്.
മാലിന്യം അഴുകി അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാലിന്യം ശേഖരിക്കുന്ന ഐ.എം.എ ഇമേജ് ഗ്രൂപ്പിന് ലക്ഷക്കണക്കിന് രൂപ കൊട്ടാരക്കര താലൂക്ക് ആശുപത്രി എച്ച്.എം.സി അടക്കാതെ വന്നതോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മാലിന്യക്കൂമ്പാരമുണ്ടായത്.
നഗരസഭ ചെയർമാനായിട്ടുള്ള എച്ച്.എം.സി ചെയർമാൻ സർജിക്കൽ മാലിന്യം നീക്കം ചെയ്യാനുള്ള തുക ഒപ്പിട്ട് നൽകാത്തതാണ് നിലവിലെ താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധി. കഴിഞ്ഞമാസം സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.എൻ. ബാലഗോപാൽ ആശുപത്രിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആശുപതിയിലെ വൃത്തിഹീനമായ സാഹചര്യം സൂപ്രണ്ട് ചൂണ്ടിക്കാണിക്കുകയും ഒരുമാസത്തിനകം സ്ഥിതിയിൽ മാറ്റമുണ്ടാക്കണമെന്ന് ഉറപ്പുവരുത്തണമെന്നും കർശന നിർദേശം നൽകിയിരുന്നു.
മന്ത്രിയുടെ നിർദേശങ്ങൾക്ക് ആശുപത്രി അധികൃതരും നഗരസഭയും പുല്ലുവില പോലും നൽകാത്ത സ്ഥിതിയാണ്. മാധ്യമങ്ങൾക്കുൾപ്പടെ വിലക്ക് ഏർപ്പെടുത്തിയ ആശുപത്രി സൂപ്രണ്ടിന്റെ കൃത്യവിലോപം മാലിന്യനീക്കം ഉൾപ്പടെയുള്ള ആശുപത്രി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.