കൊട്ടാരക്കര ആദ്യ സമ്പൂർണ ദാരിദ്ര്യനിർമാർജന നഗരസഭയാകും
text_fieldsകൊട്ടാരക്കര: രാജ്യത്തെ ആദ്യ സമ്പൂർണ ദാരിദ്ര്യ നിർമാർജന നഗരസഭയാകാൻ ഒരുങ്ങി കൊട്ടാരക്കര. ഇതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. സംസ്ഥാന സർക്കാർ അതിദരിദ്രരുടെ പട്ടിക തയാറാക്കാൻ നിർദേശിച്ചപ്പോൾ മുതൽ നഗരസഭയിലെ എല്ലാ വാർഡുകളിലും ഇതിനുള്ള ഊർജിത ശ്രമങ്ങൾ തുടങ്ങിയിരുന്നു.
ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കും അംഗൻവാടി, കുടുംബശ്രീ, ആശാ പ്രവർത്തകർക്കുമൊക്കെ വിവിധ തലങ്ങളിൽ പരിശീലനം നൽകി. വാസസ്ഥലം, ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അതിദരിദ്രരുടെ പട്ടിക തയാറാക്കിയത്.
113 ആളുകളെയാണ് ഇത്തരത്തിൽ അതിദരിദ്രരായി കണ്ടെത്തിയത്. പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിവെച്ചു. ഇവ പൂർത്തീകരിക്കുന്നതോടെ പ്രഖ്യാപനം നടത്താനാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്ന മുറക്ക് പ്രഖ്യാപനം നടത്താനാണ് നഗരസഭ അധികൃതർ കണക്കുകൂട്ടുന്നത്.
നഗരസഭയിൽ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏതു വിധത്തിലുള്ള സഹായമാണ് ലഭ്യമാക്കേണ്ടതെന്ന് വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി. പദ്ധതിക്കായി തുക മാറ്റിവെച്ചിരുന്നു. സന്നദ്ധ പ്രവർത്തകരുടെയും സുമനസ്സുകളുടെയും സേവനവും ഉറപ്പാക്കി. ഭക്ഷണം ലഭിക്കാൻ സാഹചര്യം ഇല്ലാത്തവർക്ക് കുടുംബശ്രീ വഴി ഭക്ഷണം എത്തിച്ചുതുടങ്ങി.
വീടില്ലാത്തവർക്ക് വീട്, ഭൂമിയില്ലാത്തവർക്ക് ഭൂമി എന്നിവ നൽകാൻ നഗരസഭയുടെ വിവിധ പദ്ധതികൾ വഴി സൗകര്യമൊരുക്കി. ആധാർ, റേഷൻകാർഡ് എന്നിവയടക്കമില്ലാത്തവർക്ക് വിവിധ വകുപ്പുകളുമായി ചേർന്ന് സൗകര്യങ്ങളുണ്ടാക്കി.
ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും സേവനം ഉറപ്പാക്കി. വരുമാനം ലഭ്യമാക്കാനുള്ള മൈക്രോ പദ്ധതികളുൾപ്പെടെ തയാറാക്കിയിട്ടുണ്ട്. ഇവകൂടി പൂർത്തീകരണത്തിലെത്തിയാൽ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിക്കാൻ കഴിയും.
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയെന്ന ഖ്യാതി കൊട്ടാരക്കരക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ സർട്ടിഫിക്കറ്റ് കൈമാറിയത്. തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ ദാരിദ്ര്യ നിർമാർജന നഗരസഭയെന്ന ഖ്യാതിയും കൊട്ടാരക്കരക്ക് ലഭിക്കാൻ തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.