കോട്ടാത്തല ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശി ഹൈടെക് ആകും
text_fieldsകൊട്ടാരക്കര: കോട്ടാത്തല ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശി ഹൈടെക് ആകും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച ഒരുകോടി ഉപയോഗിച്ചാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്. ക്ലാസ് മുറികളും ഓഫിസ് മുറിയുമടങ്ങുന്ന രണ്ട് നില കെട്ടിടമാണ് നിർമിക്കുന്നത്. ആദ്യ നിലയുടെ കോൺക്രീറ്റ് പൂർത്തിയാക്കി, അടുത്ത നിലയുടെ തൂണുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
കൊട്ടാരക്കര- പുത്തൂർ റോഡരികിലായി തണ്ണീർ പന്തൽ ക്ഷേത്രത്തിന് സമീപത്തായാണ് ജംഗ്ഷനിൽത്തന്നെ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ അധ്യയന വർഷത്തിൽത്തന്നെ കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകും.
ഓടുമേഞ്ഞ പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയ ശേഷമാണ് അവിടെ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കുന്നത്. 1913ലാണ് കോട്ടാത്തല ജംഗ്ഷൻ കേന്ദ്രമാക്കി വിദ്യാലയം സ്ഥാപിച്ചത്.
കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ചുറ്റുവട്ടങ്ങളിലെത്തിയിട്ടും ഗവ.എൽ.പി സ്കൂളിൽ കുട്ടികളുടെ കുറവ് കാര്യമായി ബാധിച്ചില്ല. എൽ.പി വിഭാഗത്തിന് പുറമെ പ്രീ പ്രൈമറി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ശതാബ്ദിയുടെ സ്മാരകമായി നിർമിച്ച പ്രവേശന കവാടം മുഖ്യ ആകർഷണമാണ്. കളിസ്ഥലത്തിന്റെ അപര്യാപ്തയുണ്ടെങ്കിലും ഹൈടെക് കെട്ടിടമെത്തുന്നത് ആവേശത്തോടെയാണ് കുട്ടികൾ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.