കെ.എസ്.ഇ.ബിയുടെ ‘നിലാവ്’ മങ്ങി; ഗ്രാമപഞ്ചായത്തുകൾ ഇരുട്ടിലേക്ക്
text_fieldsകൊട്ടാരക്കര : ഗ്രാമപഞ്ചായത്തുകളിൽ വെളിച്ചമെത്തിക്കാൻ ലക്ഷ്യമിട്ട നിലാവ് പദ്ധതി ഫലപ്രദമാകുന്നില്ല. അഞ്ചുലക്ഷം രൂപ വീതം ചെലവിൽ സ്ഥാപിച്ച എൽ.ഇ.ഡി വിളക്കുകൾ കണ്ണടച്ചു തുടങ്ങി. പകരം ബൾബ് സ്ഥാപിക്കാൻ ബാധ്യതയുള്ള കെ.എസ്.ഇ.ബി കരാർ ലംഘനം നടത്തി നോക്കുകുത്തിയാകുന്നു. കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിൽ ഉയർന്ന പ്രധാന പരാതികളിലൊന്ന് നിലാവ് പദ്ധതിയാൽ ഇരുട്ടിലായ പഞ്ചായത്തുകളുടെ അവസ്ഥയാണ്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ കർശന നിർദേശത്തിലാണ് പഞ്ചായത്തുകളിൽ നിലാവ് പദ്ധതി നടപ്പാക്കിയത്. തെരുവു വിളക്കുകളായി ഉപയോഗിച്ചിരുന്ന സി.എഫ് ബൾബുകൾ മാറ്റി എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുകയായിരുന്നു. ഓരോ പഞ്ചായത്തും അഞ്ചു ലക്ഷം രൂപ ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കർശന നിർദേശവും മന്ത്രി നൽകിയിരുന്നു. മിക്ക പഞ്ചായത്തുകളും തുക വകയിരുത്തുകയും പദ്ധതി നടപ്പാക്കുകയും ചെയ്തു. അഞ്ചു വർഷം കാലാവധിയുള്ള ബൾബുകളാണെന്നും തകരാറിലായാൽ കെ.എസ്.ഇ.ബി പുതിയവ സ്ഥാപിക്കുമെന്നുമായിരുന്നു കരാർ. എന്നാൽ, കാലാവധി എത്തുംമുമ്പേ നിലാവ് മാഞ്ഞു തുടങ്ങി.
പുതിയ ബൾബുകൾക്കായി പഞ്ചായത്തുകൾ സമീപിച്ചപ്പോൾ കെ.എസ്.ഇ.ബി കൈമലർത്തി. ഒരു ബൾബ് മാറാൻ 150 രൂപ വീതം കൂലി നൽകണമെന്ന നിബന്ധനയും മുന്നോട്ട് വെച്ചു. ചുരുക്കത്തിൽ തെരുവുകളിൽ വെളിച്ചമില്ലാത്തതിൽ പഴി കേൾക്കുന്ന വാർഡ് അംഗങ്ങളും പഞ്ചായത്ത് അധികൃതരും ത്രിശങ്കുവിലാണ്. നിലാവ് പദ്ധതി നടപ്പാക്കിയതിനാൽ കഴിഞ്ഞ ബജറ്റിൽ ആരും ഇതിനായി തുക വകയിരുത്തിയതുമില്ല.
അടുത്ത ബജറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇതിനായി പണം ചെലവഴിക്കാൻ കഴിയൂ. താലൂക്ക് വികസന സമിതിയോഗത്തിൽ നെടുവത്തൂർ ഗ്രാമ പഞ്ചായത്തംഗവും കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡന്റുമായ ആർ. രാജശേഖരൻ പിള്ളയാണ് വിഷയം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.