കൊട്ടാരക്കരയിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര ബാർ അസോസിയേഷൻ സെക്രട്ടറിയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ശനിയാഴ്ച കോടതി ബഹിഷ്കരിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് അഭിഭാഷകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വെള്ളിയാഴ്ച രാത്രി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ െവച്ചാണ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ആർ. അജിക്ക് മർദനമേറ്റത്.
വെള്ളിയാഴ്ച ഒരു അഭിഭാഷകൻ പ്രതിയായ കേസിൽ മൊഴിയെടുക്കാൻ പൊലീസ് നടത്തിയ നീക്കം അഡ്വ. അജി ഉൾപ്പടെയുള്ള അഭിഭാഷകർ തടഞ്ഞിരുന്നു.
തുടർന്ന് രാത്രിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ അജിയെ 10 ഓളം പൊലീസുകാർ ചേർന്ന് മർദിച്ചു എന്നാണ് ആരോപണം. അജി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ കോടതി ബഹിഷ്കരിച്ച അഭിഭാഷകർ പ്രതിഷേധവുമായി കൊട്ടാരക്കര പൊലീസ് സ്റ്റേഷന് മുന്നിൽ എത്തി.
ഇവിടെ െവച്ച് സ്ത്രീകൾ ഉൾപ്പെടുന്ന 150 ഓളം അഭിഭാഷകരെ പൊലീസ് തടഞ്ഞു. ഒന്നര മണിക്കൂറോളം അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. ബാർ അസോസിയേഷൻ നേതാക്കളും സി.ഐ ഉൾപ്പടെയുള്ളവർ ഇടപെട്ട് പിന്തിരിപ്പിക്കുകയിരുന്നു. റൂറൽ എസ്.പി മധുസൂദനൻ നടത്തിയ ചർച്ചയിൽ കുറ്റക്കാരായ എ.എസ്.ഐ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നുള്ള ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതൽ പ്രതിഷേധവുമായി തിങ്കളാഴ്ച രംഗത്തുവരുമെന്നും കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. ആർ. സുനിൽകുമാർ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികൾ, വിവിധ അഭിഭാഷക സംഘടനാനേതാക്കളായ അഡ്വ. കെ.വി. രാജേന്ദ്രൻ, എസ്. പുഷ്പാനന്ദൻ, എൻ. ചന്ദ്രമോഹനൻ, വിനോദ് കുമാർ, ചന്ദ്രശേഖരൻപിള്ള, സജുകുമാർ, ശിവകുമാർ, ജോൺ എം. ജോർജ്, ബെച്ചി കൃഷ്ണ, മൈലം ഗണേഷ്, പ്രദീപ്കുമാർ, പി. അരുൾ, മഞ്ജു, നജീബുദ്ദീൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.