മുട്ടറ ഇക്കോ ടൂറിസം: മരുതിമലയിലെ നിർമാണങ്ങൾ പാതിവഴിയിൽ
text_fieldsകൊട്ടാരക്കര: മുട്ടറ ഇക്കോ ടൂറിസം പദ്ധതിയിയുടെ ഭാഗമായ മരുതിമലയിലെ നിർമാണപ്രവൃത്തികൾ പാതിവഴിയിൽ. 2007ലാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്. 2020ലാണ് ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നത്. പന്നീട് ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാം ഭാഗം നിർമിക്കുന്നതിന് 50 ലക്ഷം രൂപ മന്ത്രി കെ.എൻ. ബാലഗോപാൽ നീക്കിെവച്ചു. എന്നാൽ, ഇതുവരെ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. ആദ്യഘട്ടത്തിൽ മലയുടെ മുകളിലെത്താൻ വഴിവെട്ടൽ, കെട്ടിടനിർമാണം, വേലികെട്ടൽ എന്നിവ നടന്നു. 36 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിന്റെ നിർമാണത്തിന് മുൻ എം.എൽ.എ അയിഷാ പോറ്റി വഴി അനുവദിച്ചത്. മലമുകളിൽ നട്ട ആയിരത്തോളം വൃക്ഷത്തൈകൾ അധികൃതരുടെ അവഗണനയിൽ നശിച്ചു.
ഇവിടെ ഉണ്ടായിരുന്ന നൂറോളം കുരങ്ങുകൾ സന്ദർശകരുടെ സാന്നിധ്യം മൂലം മലയിറങ്ങി. വർഷങ്ങൾക്ക് മുമ്പ് മരുതിമലയുടെ താഴ്ഭാഗത്ത് 50 കുരങ്ങുകളെ വിഷം നൽകി കൊന്നിരുന്നു. തുടർന്നാണ് മരുതിമല ശ്രദ്ധിക്കപ്പെട്ടതും ഇക്കോ ടൂറിസം പദ്ധതിയായി ഉയർത്തിയതും. പദ്ധതിക്കായി നിർമിച്ച കെട്ടിടങ്ങളും കയറി നിൽക്കാനുള്ള ഷെഡും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. തുടർന്ന് വെളിയം പഞ്ചായത്ത് അധികൃതർ 28 ലക്ഷം മുടക്കി ഇവയുടെ അറ്റകുറ്റപ്പണി ചെയ്യുകയായിരുന്നു.
മലമുകളിൽ ഒന്നര ഏക്കർ സ്വകാര്യ വ്യക്തികളുടെ കൈയിലാണെന്നത് മൂന്നുവർഷം മുമ്പാണ് അധികൃതർ അറിയുന്നത്. മുൻ കൊട്ടാരക്കര തഹസിൽദാർ മരുതിമലയുടെ മുകളിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയുള്ളതായി അറിയിക്കുകയായിരുന്നു. എന്നാൽ, വെളിയം പഞ്ചായത്ത് അധികൃതർ തഹസിൽദാറിനെതിരെ തിരിയുകയും വിഷയത്തിൽ കലക്ടർക്ക് പരാതി നൽകുകയുമായിരുന്നു.
കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ ഒന്നരമാസം കൊണ്ട് മരുതിമലയിലെ സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ മലമുകളിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയുള്ളതായി വ്യക്തമാക്കിയതോടെ മരുതിമല ഇക്കോ ടൂറിസം പദ്ധതി പാതിവഴിയിൽ നിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.