മൊബൈൽ ഫോണിൽ അറിയിപ്പ് വരും; നിമിഷങ്ങൾക്കകം വൈദ്യുതി ഉപകരണങ്ങൾ കത്തിനശിക്കും
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര നെല്ലിക്കുന്നത്തെ രാജി വിലാസത്തിൽ സജിതയുടെ വീട്ടിൽ ഏഴുമാസമായി നടക്കുന്നത് വിചിത്ര സംഭവങ്ങൾ. മൊബൈൽ ഫോണിൽ വീടിന്‍റെ വയറിങ്, മോട്ടോർ, ടി.വി, ഫ്രിഡ്ജ് എന്നിവ നശിക്കുമെന്ന് വിവരം വരുന്ന ഉടൻ അത് പ്രാവർത്തികമാകുന്നതാണ് ഭയപ്പാടിലാക്കിരിക്കുന്നത്. ഇത്തരത്തിൽ ഉപകരണങ്ങൾ നശിച്ചതിലൂടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സജിത 'മാധ്യമ'ത്തോട് പറഞ്ഞു.
വിദേശത്ത് ജോലിചെയ്തിരുന്ന സജിത മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വിദേശത്ത് പോകുന്നതിന് മുമ്പും വീട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മൊബൈൽ ഫോണിൽ മെസേജ് വരില്ലായിരുന്നു. സജിതയുടെ അമ്മ വിലാസിനി, അച്ഛൻ രാജൻ, രണ്ട് മക്കൾ, സഹോദരിയുടെ ഭർത്താവ് ദിലീപ് എന്നിവരാണ് വീട്ടിൽ കഴിയുന്നത്. വിലാസിനിയുടെ മൊബൈൽ ഫോണിൽനിന്നാണ് മെസേജ് വരുന്നത്.
വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ പോലും വിലാസിനിയുടെ മൊബൈൽ ഫോണിലൂടെ സജിതയുടെ മൊബൈലിൽ എത്തും. സജിതയുടെ മൊബൈലിൽ സൂക്ഷിച്ച സുഹൃത്തുക്കളുടെ ഫോൺ നമ്പറിലും മെസേജുകൾ വരാറുണ്ട്. മിക്കതും അശ്ലീല മെസേജുകളാകും. പുതുതായി സജിത വാങ്ങിയ മൂന്ന് മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുകയും തനിയെ ലോക്ക് ആവുകയും ചെയ്തു. മൊബൈലിൽ അറിയിപ്പ് ലഭിച്ച് നാല് തവണ വീട്ടിലെ വയറിങ്ങുകൾ നശിച്ചു.
തുടർന്ന് കൊട്ടാരക്കര പൊലീസ്, സൈബർ പൊലീസ്, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച സജിത കിടന്ന മുറിയിലെ ഭിത്തിയിൽ ചെറിയ ചിപ്പ് ഘടിപ്പിച്ച നിലയിൽ കണ്ടെത്തി. ചിപ്പിൽ ചെറിയ മൈക്കും മറ്റുമുണ്ട് . ഉടൻ സജിതയുടെ മൊബൈൽ ഫോണിൽ, പൊലീസാണ് വിളിക്കുന്നതെന്നും ചിപ്പ് തിരികെ നൽകണമെന്നുമുള്ള കോൾ വന്നു.
ചിപ്പ് കണ്ടെത്തിയശേഷമാണ് പ്രശ്നങ്ങൾക്ക് ശമനമുണ്ടായത്. ഇപ്പോൾ മൊബൈൽ ഫോണിൽ ഇത്തരത്തിലുള്ള മെസേജ് വരാറില്ല. ഉപകരണങ്ങളും കേടാകാറില്ല. ചൊവ്വാഴ്ച ഉച്ചയോടെ കൊട്ടാരക്കര സി.ഐ, എസ്.ഐ എന്നിവരടങ്ങുന്ന പൊലീസ് സംഘം സജിതയുടെ വീട്ടിലെത്തി പരിശോധന നടത്തി. ചിപ്പ് പൊലീസിന് കൈമാറി. പിണങ്ങി താമസിക്കുന്ന ഭർത്താവ് അരുണാണ് ഇതിന്‍റെ പിന്നിലെന്ന് സജിത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ഈർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.