ഓണക്കാലം: കൊട്ടാരക്കരയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി
text_fieldsകൊട്ടാരക്കര: ഓണക്കാലത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗതാഗതരംഗത്ത് പരിഷ്കാരങ്ങൾ ഏർപ്പെടുത്താനും നഗരസഭ ട്രാഫിക് ഉപദേശകസമിതി യോഗത്തിൽ തീരുമാനം. ട്രാഫിക് വാർഡന്മാരായി നിശ്ചയിച്ചവർക്ക് കാക്കി പാന്റും നീല ഷർട്ടും നീല തൊപ്പിയും നൽകും. കാക്കി വുഡൻ ബെൽറ്റ്, കറുത്ത ഷൂ, സോക്സ്, നെയിം പ്ലേറ്റ്, കുട എന്നിവയും ലഭ്യമാക്കും.
ഇന്ന് മുതൽ പാർക്കിങ് ഫീസ് പിരിക്കുന്നതിനും തീരുമാനമായി. 10, 20, 50 രൂപയുടെ കൂപ്പണുകൾ പ്രിന്റ് ചെയ്ത് നൽകും. രവി നഗർ, മുനിസിപ്പൽ ഗ്രൗണ്ട്, കച്ചേരിമുക്ക് ഗ്രൗണ്ട് ഇടങ്ങളിൽ വാഹനങ്ങളിൽനിന്ന് 20 രൂപ വീതവും മറ്റിടങ്ങളിൽ 10 രൂപ വീതവും പിരിക്കും. പാർക്കിങ് ഫീസ് പിരിവിനായി വാഹന ഉടമയുടെ പേര്, വാഹന നമ്പർ എന്നിവ രേഖപ്പെടുത്തുന്നതിനായി രജിസ്റ്റർ നൽകും.
നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകളുടെ വിവരങ്ങൾ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് എം.വി.ഡിയെയും ട്രാഫിക് പൊലീസിനെയും ചുമതലപ്പെടുത്തും. നഗരസഭ എം.സി റോഡിലെ കുന്നക്കര ഭാഗത്ത് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
പൊലീസ് സ്റ്റേഷന് എതിർവശത്ത് എക്സൈസ് ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനമുണ്ടാക്കും. ഈ ആവശ്യം സൂചിപ്പിച്ച് തഹസിൽദാരുടെ അനുമതിക്കായി കത്ത് നൽകും. ഓരോ ഓട്ടോസ്റ്റാൻഡിനും നമ്പരും പേരും നൽകുന്നതിനും ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് പ്രത്യേക കളർ, നമ്പർ എന്നിവ നൽകുന്നതിനും തീരുമാനമായി.
ഓയൂർ ഭാഗത്തേക്കുള്ള ബസുകൾ ഓയൂർ റോഡിലും കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ ചന്തമുക്ക് ആശുപത്രി ജങ്ഷനിലും നിർത്താൻ നിർദേശിക്കും. റോഡിൽ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കാൻ നടപടി സ്വീകരിക്കും. രാഷ്ട്രീയപാർട്ടികളുടെ താൽക്കാലിക ആവശ്യങ്ങൾക്കായി കൊടിമരം സ്ഥാപിക്കുന്നതിന് നഗരസഭയുടെ അനുമതി വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.