ഒന്നിലും രണ്ടിലും ഒരു വിദ്യാർഥി മാത്രം; മലയിൽ സ്കൂളിന് വേണം കൈത്താങ്ങ്
text_fieldsകൊട്ടാരക്കര: പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് എത്തിയത് ഒരാൾ മാത്രം, രണ്ടിലും ഒരേയൊരാൾ മാത്രം. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കിഴക്കേ മാറനാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിന്റെ (മലയിൽ സ്കൂൾ) ഇപ്പോഴത്തെ അവസ്ഥയാണിത്.
ആറര പതിറ്റാണ്ട് പിന്നിട്ട പ്രവർത്തന പാരമ്പ്യമുള്ള സർക്കാർ വിദ്യാലയത്തിന്റെ ദയനീയാവസ്ഥ അധികൃതരും ജനപ്രതിനിധികളും ഗൗരവത്തിലെടുക്കുന്നില്ല. ഈനില തുടർന്നാൽ നാടിന്റെ അക്ഷരവെളിച്ചം കെട്ടുപോകാൻ അധികനാൾ വേണ്ടിവരില്ല.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കിഴക്കേ മാറനാട് ആറാം വാർഡിലാണ് ഗവ. വെൽഫെയർ സ്കൂൾ പ്രവർത്തിക്കുന്നത്. 1958ൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയത്തിന് അന്ന് നിർമിച്ച ഓടിട്ട കെട്ടിടം മാത്രമാണ് ഇപ്പോഴുമുള്ളത്. പകുതിപ്പാറ, നെല്ലിയാംമുകൾ, ഇലഞ്ഞിക്കോട്, പമ്പ് ഹൗസ്, പനയം കോളനികളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മികച്ച പ്രൈമറി വിദ്യാഭ്യാസം ലഭിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു സ്കൂൾ തുടങ്ങിയതിന് പിന്നിൽ.
കോളനിയിലെ താമസക്കാർ മാത്രമല്ല, നാട്ടിലെ ഒട്ടുമിക്ക കുട്ടികളും ഒന്നാം ക്ലാസ് മുതൽ നാലു വരെ പഠിച്ചത് ഇവിടെയാണ്. ക്ലാസ് മുറികളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര കുട്ടികളുണ്ടായിരുന്നുഒരുഘട്ടത്തിൽ. ചുറ്റുവട്ടങ്ങളിൽ സ്വകാര്യ സ്കൂളുകൾ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി, ബസ് അടക്കമുള്ള സംവിധാനങ്ങളൊരുക്കിയതോടെ കൊഴിഞ്ഞുപോക്ക് തുടങ്ങി. വികസനമില്ലാതായതോടെ കുട്ടികൾ തീരെയില്ലാതെയായി.
പ്രീ പ്രൈമറി വിഭാഗം തുടങ്ങാൻ അധികൃതർ അനുമതി നൽകാത്തതും തിരിച്ചടിയായി. 15 സെന്റിലാണ് സ്കൂളിന്റെ പ്രവർത്തനം. പതിനെട്ടര സെന്റ് ഭൂമി ഉണ്ടായിരുന്നതായി പറയുന്നു. പഴയ ഓടിട്ട കെട്ടിടമാണുള്ളത്. മഴ പെയ്താൽ ഇതിന്റെ പല കോണുകളിലും ചോർച്ചയുണ്ട്. കൊച്ചുകുട്ടികളാണ് പഠിക്കുന്നത്. അവർക്ക് ഓടിക്കളിക്കാൻ മുറ്റമില്ല. സ്കൂളിന്റെ ചെറിയ വരാന്തയിലാണ് അസംബ്ലി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.