ജനസാഗരത്തിലൊഴുകി...
text_fieldsകൊട്ടാരക്കര: അക്ഷരാർഥത്തിൽ ജനസാഗരം, കൊട്ടാരക്കര പട്ടണത്തിലേക്ക് തിരമാലകൾ പോലെ ജനം ഒഴുകിയെത്തി, ജനനായകനെ അവസാനമായൊന്ന് കണ്ട് യാത്രപറയാൻ. രാവിലെ 10ന് വിലാപയാത്ര വരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് വൈകീട്ട് മൂന്നോടെ എത്തുമെന്നായി അറിയിപ്പ്.
ഒടുവിൽ എത്തിയത് രാത്രി എട്ടോടെ. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തിരക്കാണ് ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാൻ കൊട്ടാരക്കരയിലുടനീളം ദൃശ്യമായത്. അന്ത്യാഞ്ജലി അർപ്പിക്കാൻ കെ.എസ്.ആർ. ടി.സി ബസിന്റെ മുൻവശത്തുകൂടി കയറി ഭൗതികശരീരം കണ്ട ശേഷം പിറകുവശത്തേക്ക് ആളുകളെ ഇറക്കാനാണ് തീരുമാനിച്ചത്. എന്നാൽ, ഒഴുകിയെത്തിയ ജനസാഗരത്തെ പൊലീസിനും അണികൾക്ക് പോലും നിയന്ത്രിച്ചുനിർത്താൻ സാധിച്ചില്ല. പലർക്കും വാഹനത്തിനടുത്ത് പോലും എത്താനായില്ല.
വാളകം കഴിഞ്ഞപ്പോഴേക്കും ഉമ്മൻ ചാണ്ടിയെ വഹിച്ചു വന്ന വാഹനം ജനക്കൂട്ടം പരിധിവിട്ട സാഹചര്യത്തിൽ കൂടുതൽ സമയം നിർത്തിയിടേണ്ടി വന്നു. മുക്കാൽ മണിക്കൂറോളമാണ് ഇവിടെ നിർത്തിയിട്ടത്. മൃതദേഹം കണ്ടവർ മാറി കൊടുക്കാത്തതാണ് വാഹനത്തിന് മുന്നോട്ട് പോകാൻ കഴിയാതെയായത്. പൊലീസ് കുറവായതിനാൽ ജനങ്ങളെ ഒതുക്കി നിർത്താനും സാധിച്ചില്ല.
തിരുവനന്തപുരം ഭാഗത്തെ പുലമൺ ജങ്ഷനിൽ പ്രായമായവരും കുട്ടികളും അടക്കം മണിക്കൂറുകളോളം കാത്തുനിന്നു. ഗതാഗതം മറ്റൊരു വഴിയിലേക്ക് പൊലീസ് വഴി തിരിച്ച് വിട്ടു. വിലാപയാത്രയുടെ വരവ് നോക്കി ആളുകൾ നിൽക്കവേ അതിശക്തമായ മഴയും പെയ്തിറങ്ങി. പലരും ഓടി കടകളുടെ ഓരത്തും മറ്റുമായി കാത്ത് നിന്നു. മണിക്കൂറുകൾ പിന്നിട്ടിട്ട് മൃതദേഹം എത്തുമ്പോഴും ജനസാഗരമായി നാട് മാറി. കണ്ണീരണിഞ്ഞെത്തിയ പാർട്ടിപ്രവർത്തകരും സാധാരണക്കാരുമെല്ലാം ഒടുവിൽ നാടിന്റെ സ്നേഹവായ്പിൽപൊതിഞ്ഞ് പ്രിയനേതാവിന് വിടചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.