കരിഞ്ഞുണങ്ങി കരീപ്രയിലെ നെൽപ്പാടങ്ങൾ
text_fieldsകൊട്ടാരക്കര: കടുത്ത വേനലിൽ കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിലെ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങുന്നു. വേനലിൽ കനാൽജലത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന പാടശേഖരമാണ് പാട്ടുപുരക്കൽ ഏലാ. വെള്ളമില്ലാത്തതിനാൽ വയലുകൾ വിണ്ടുകീറാനും നെൽച്ചെടികൾ കരിഞ്ഞുണങ്ങാനും തുടങ്ങിയിട്ടുണ്ട്. മുരിങ്ങൂർ, മാനാങ്കര കാവ്, പ്ലാപ്പള്ളി, അയർക്കാട് ഭാഗങ്ങളിൽ വരൾച്ച ബാധിച്ചിട്ടുണ്ട്. വിഷുക്കൊയ്ത്തിനുള്ള രണ്ടാംവിളയാണ് ഇപ്പോൾ കൃഷി ചെയ്തിട്ടുള്ളത്. ഇടതുകര കനാലിലെ പള്ളിമൺ ഡിസ്ട്രിബ്യൂട്ടറിയിൽ നിന്നാണ് ഇവിടേക്ക് വെള്ളം എത്തേണ്ടത്. കനാൽ അറ്റകുറ്റപ്പണി പൂർത്തിയാകാത്തത് കൃത്യമായ ജലസേചനത്തിന് തടസമാകുന്നുണ്ട്. രൂക്ഷമായ ചോർച്ച തുടർച്ചയായി വെള്ളം ഒഴുക്കുന്നതിന് തടസ്സമാകുന്നുണ്ട്. വീടുകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്നതാണ് കാരണം.
കനാൽ തുറന്ന് കൃഷിക്ക് ഉപയുക്തമാക്കുന്നതിന് കലണ്ടർ തയാറാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. വിവിധ പ്രദേശങ്ങളിലെ കൃഷിയെ ഏകോപിപ്പിച്ചാൽ ഇത് സാധ്യമാകുമെന്ന് കർഷകർ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാകുംവിധം തലക്കുളങ്ങൾ സജ്ജമാക്കണമെന്നാണ് ആവശ്യം. ഇപ്പോൾ മിക്ക തലക്കുളങ്ങളും മൃതാവസ്ഥയിലാണ്. ഇവ വൃത്തിയാക്കി സോളാർ പമ്പ് സ്ഥാപിച്ചാൽ ഏലാ ചാലുകൾ വരണ്ടുണങ്ങുന്ന സ്ഥിതി ഒഴിവാക്കാനാകും. വലിയ ചെലവില്ലാത്ത ഹരിത സൗഹൃദ പദ്ധതി എന്നതും അനുകൂലമാണ്. നവ കേരള മിഷൻ കരീപ്ര മോഡലായി അവതരിപ്പിച്ച ഹരിത തീർഥം പദ്ധതി കരീപ്രയിലാണ്. കരിങ്കൽക്വാറിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീർച്ചാലുകളിലേക്ക് ഒഴുക്കുന്നതാണ് പദ്ധതി. എന്നാൽ ഹരിത തീർഥം ഒഴുകുന്ന വഴികളിൽ നെൽകൃഷി ഇല്ലെന്നതാണ് വിരോധാഭാസം. നെൽ കർഷകരെ സഹായിക്കാൻ കഴിയുന്ന വിധം ഹരിതതീർഥത്തെ മാറ്റാനും പ്രായോഗിക തടസ്സങ്ങളുണ്ട്. കരീപ്രയിലെ നെല്ലറയായ വാർഡുകൾക്ക് കാർഷിക ജലസേചനത്തിന് നിലവിൽ തനത് പദ്ധതികളില്ല. ഏതാണ്ട് 30 ഏക്കർ നെൽകൃഷി വരൾച്ചഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.