ചൂടിൽ ഉരുകി ജനം; കാർഷിക മേഖല നിശ്ചലം
text_fieldsകൊട്ടാരക്കര: വേനൽ കടുത്തതോടെ പൊള്ളുന്ന ചൂടിൽ ജനം വലയുന്നു; കാർഷിക മേഖലയാകെ നിശ്ചലമായി. കുടിവെള്ളക്ഷാമവും രൂക്ഷം. കൊട്ടാരക്കര താലൂക്കിലെ ഒട്ടുമിക്ക മേഖലയിലും ദുരിതങ്ങളേറിയിട്ടുണ്ട്. ഏത്തവാഴകൾ പാകമെത്താതെ ഒടിഞ്ഞുവീഴുന്നതിന്റെ സങ്കടത്തിലാണ് കർഷകർ. ബാങ്ക് വായ്പയും മറ്റ് വായ്പകളെടുത്തും പ്രതീക്ഷയും കണക്കുകൂട്ടലുകളുമായി വാഴക്കൃഷി ചെയ്തവരെല്ലാം വലിയ നഷ്ടത്തിന്റെ കെണിയിലായി.
പാതി വിളവെത്തിയ കുലകൾക്ക് വില നൽകാൻ വ്യാപാരികളും തയാറാകുന്നില്ല. പച്ചക്കറികൃഷിയെല്ലാം കരിഞ്ഞുണങ്ങി. കരക്കൃഷി തീരെ നിലച്ചു. ഏലാകളിലെ ചെറുകുളങ്ങളിൽ അടുത്തദിവസം വരെ വെള്ളമുണ്ടായിരുന്നത് വറ്റിവരണ്ടനിലയിലാണ്. പകൽനേരത്ത് പൊള്ളുന്ന ചൂടിൽ ജോലി ചെയ്യാൻ ആളെക്കിട്ടുന്നുമില്ല. മറ്റ് തൊഴിലിടങ്ങളിലും ഈ പ്രതിസന്ധിയുണ്ട്. കഴിഞ്ഞദിവസം രേഖപ്പെടുത്തിയ ഉയർന്ന അൾട്രാ വയലറ്റ് സൂചിക പട്ടികയിൽ കൊട്ടാരക്കര ഒന്നാം സ്ഥാനത്താണെന്ന വാർത്തകൾ പരന്നതോടെ പകൽ പുറത്തിറങ്ങാനും ജനം മടിക്കുന്നു. വേനൽക്കാലം ശക്തമായിട്ടും പഞ്ചായത്തുകൾ കുടിവെള്ളവിതരണക്കാര്യം ഗൗരവമായി എടുത്തിട്ടില്ല.
ഒട്ടുമിക്ക പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളം ടാങ്കറുകണക്കിന് വിലകൊടുത്ത് വാങ്ങാൻ തുടങ്ങി. കിണറുകൾ മിക്കവയും വറ്റിവരണ്ടു. ഗ്രാമീണ കുടിവെള്ള പദ്ധതികൾ പലതും നോക്കുകുത്തികളാണ്. അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ തയാറാകാഞ്ഞതിനാലാണ് പലതും പണിമുടക്കിക്കിടക്കുന്നത്. വേനൽക്കാല പ്രതീക്ഷയിൽ നിർമാണം തുടങ്ങിയ പദ്ധതികളും കമീഷൻ ചെയ്തിട്ടില്ല.
ടാങ്കറുകളിൽ എല്ലാ പ്രദേശത്തും വെള്ളം എത്തിക്കുന്ന പതിവ് അധികൃതർ മറന്ന മട്ടാണ്. കനാലുകൾ തുറന്ന ചിലയിടങ്ങളിൽ മാത്രം വലിയതോതിൽ ജലക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. വളർത്തുമൃഗങ്ങളും തെരുവുനായ്ക്കളടക്കമുള്ളവയും വെള്ളമില്ലാതെ വിഷമിക്കുകയാണ്. പക്ഷികൾക്കായി വെള്ളം നിറച്ച തൊട്ടികൾ െവക്കണമെന്ന ചില കോണുകളിൽനിന്നുള്ള സന്ദേശങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്. തോടുകളും നീർച്ചാലുകളുമൊക്കെ ജനുവരി രണ്ടാംവാരത്തിൽത്തന്നെ വറ്റിവരണ്ടു. വേനൽമഴ ഒന്നോ രണ്ടോ ദിവസത്തിലൊതുങ്ങിയതിനാൽ ഇനി പ്രതീക്ഷക്ക് വകയില്ല.
ഗ്രാമീണ കുളങ്ങൾ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനും നടപടിയുണ്ടാകുന്നില്ല. ലക്ഷങ്ങൾ മുടക്കി നവീകരണം നടത്തിയ ചിറകളൊന്നും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. പായലും മാലിന്യവും നിറഞ്ഞവ വറ്റിച്ച് ചളി കോരിമാറ്റി ഉപയോഗ യോഗ്യമാക്കിയാൽ നാട്ടുകാർക്ക് വലിയ ആശ്വാസമാകും. തുണി അലക്കാനും കുളിക്കാനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ കുളങ്ങളിലെ വെള്ളം അനുഗ്രഹമാകും. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇതൊന്നും ഗൗരവത്തിലെടുക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.