ചികിത്സ കിട്ടാതെ ജീവനുകൾ പൊലിയുന്നു; പേരുദോഷം മാറാതെ കൊട്ടാരക്കര താലൂക്കാശുപത്രി
text_fieldsകൊട്ടാരക്കര: പേരുദോഷം മാറാതെ കൊട്ടാരക്കര താലൂക്കാശുപത്രി. സമയത്തിന് ചികിത്സകിട്ടാതെ ജീവൻ പൊലിയുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർക്ക് നിസ്സംഗതയെന്ന പരാതി ശക്തം. ഡോ. വന്ദനദാസിന്റെ മരണത്തിൽ ഉൾപ്പെടെ പ്രകടമായ അലംഭാവം തുടരുകയാണ്. നൂറുകണക്കിന് രോഗികൾ ദിനംപ്രതിയെത്തുന്ന ഇവിടെ ആവശ്യമായ ഡോക്ടർമാരില്ലെന്ന ആക്ഷേപമാണുള്ളത്. 2023 േമയ് 10 നാണ് വന്ദനാദാസ് കൊല്ലപ്പട്ടത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ വന്ദനക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും താലൂക്ക് ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. 10 മിനിറ്റോളം ആശുപത്രി കെട്ടിടത്തിന് ചേർന്നുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ കിടത്തിയതല്ലാതെ ചികിത്സ നൽകിയില്ല. വന്ദനയുടെ ജീവൻ പൊലിയുന്നതിൽ ഈ അലംഭാവം നിർണായകമായെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോൾ ഒരാഴ്ചക്കിടയിൽ രണ്ട് ജീവനാണ് ആശുപത്രിയിൽ സമയത്തിന് സമാനമായി പൊലിഞ്ഞതായി പരാതിയുയരുന്നത്.
കഴിഞ്ഞ 17ന് ഓടനാവട്ടം കൊമ്പാറ നീതുഭവനത്തിൽ നിധിൻ (27) പാമ്പുകടിയേറ്റ് ചികിത്സക്കായി താലൂക്കാശുപത്രിയിൽ വെളുപ്പിന് 4.30 ഓടെ എത്തിയിരുന്നു. എന്നാൽ, മൂന്നുമണിക്കൂറിനുശേഷം ഇയാൾ മരിച്ചു. യുവാവിന് ആൻറിെവനം നൽകിയതായാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ, ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുപോലും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുൾപ്പെടെ അധികൃതർ തയാറായില്ലെന്നാരോപിച്ച് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചക്കുശേഷമാണ് പ്രതിഷേധം നിർത്തിയത്.
ബുധനാഴ്ച രാവിലെ നെഞ്ചുവേദനയുമായി എത്തിയ പോരുവഴി നെടുംകുളം കൊച്ചുപൊയ്ക പുത്തൻവീട്ടിൽ രാജേഷ് (34) താലൂക്കാശുപത്രിയിൽ മൂന്ന് മണിക്കൂറോളം കാത്തുകിടന്ന് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. ഇവിടെ രോഗികളെ മരണത്തിന് വിട്ടുകൊടുക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ, രോഗികൾക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രിഅധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.