ശ്രദ്ധേയമായി ആർ.ആർ.എഫിന്റെ പ്ലാസ്റ്റിക് സംസ്കരണം
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്കിലെ ആർ.ആർ.എഫിന്റെ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) പ്ലാസ്റ്റിക്ക് സംസ്കരണം ഏറെ ശ്രദ്ധേയമാണ്. നെടുവത്തൂർ, എഴുകോൺ, വെളിയം, പൂയപ്പള്ളി, കരീപ്ര എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്നാണ് ഹരിത കർമസേന പ്രവർത്തകർ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ചാക്കിലാക്കി ഇവിടെ എത്തിക്കുന്നത്.
ഇവിടത്തെ പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് പൊടിക്കാൻ ഷ്രഡിങ് മെഷീനും അമർത്താൻ ബെയ്ലിങ് മെഷീനും ഇല്ലാത്തതിനാലാണ് കൊട്ടാരക്ക ബ്ലോക്കിലെ ആർ.ആർ.എഫിൽ മാലിന്യങ്ങൾ എത്തുന്നത്. ടാറിങ്ങിനും മറ്റും ഇവിടെ നിന്ന് ഷ്രഡിങ് മെഷീനിൽ പൊടിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നു. കുറച്ച് നാളുകളായി ഷ്രഡിങ് മെഷീൻ കേടായതിനാൽ പൊടിക്കൽ പ്രവർത്തനങ്ങൾ നടക്കാത്ത അവസ്ഥയിലാണ്.
ബെയ്ലിങ് മെഷീൻ ഉപയോഗിച്ച് പ്ലാസ്റ്റി ക്കുകൾ അമർത്തി കെട്ടി വെച്ചത് ക്ലീൻ കേരളയുടെ കരാറുകാർ എത്തി കൊണ്ടു പോകുന്നുണ്ട്. പഞ്ചായത്തുകളിൽ നിന്നെത്തിക്കുന്ന പ്ലാസ്റ്റിക്കുകൾ ചാക്കുകളിൽ തരം തിരിച്ച് മാറ്റി വെക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം ഷ്രഡിങ്ങും ബെയ്ലിങ്ങും മെഷീനുകളിൽ ഇട്ട് പരുവപ്പെടുത്തിയെടുക്കും. ഒന്നും ചെയ്യാൻ പറ്റാത്ത ബിസ്ക്കറ്റിന്റെ പ്ലാസ്റ്റിക്ക് കവറുകൾ മൾട്ടിപ്പിൾ ലെയർ പ്ലാസ്റ്റിക്കുകളാക്കി മാറ്റും.
18 തരം പ്ലാസ്റ്റിക്കുകളാണ് എത്തുന്നത്. ബേക്കറി കവർ, മിനറൽ വാട്ടർ കുപ്പി, പാൽ കവർ, എണ്ണ കവർ എന്നിവയാണ് പ്രധാനപ്പെട്ടത്. ഷ്രഡിങ് മെഷീൻ കൂടി നന്നാക്കിയാൽ റബർ ടാറിങ്ങിനായി ഇവിടെ നിന്ന് വീണ്ടും പ്ലാസ്റ്റിക്ക് പൊടികൾ കൊണ്ടുപോകാൻ സാധിക്കും.
പ്ലാസ്റ്റിക്ക് സംസ്കരണ മെഷീനോട് ചേർന്ന് തന്നെ പ്ലാസ്റ്റിക്കിലും ഇരുമ്പിലും തീർത്ത കരകൗശല വസ്തുക്കളായ മരം, മത്സ്യം, ദിനോസർ, രാജവെമ്പാല എന്നിങ്ങനെ കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നുണ്ട്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മൂന്നു ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരുന്നത്. പ്രദീപ്, സുനീഷ് എന്നീ രണ്ട് യുവാക്കളാണ് കരകൗശല വസ്തുക്കളുടെ നിർമാണത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.