പൂഴിക്കാട് ചിറക്ക് ശാപമോക്ഷമാകുന്നു
text_fieldsകൊട്ടാരക്കര: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം കോട്ടാത്തല പൂഴിക്കാട് ചിറക്ക് ശാപമോക്ഷമൊരുക്കി നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഇനി ചിറയിൽ തെളിനീർ നിറയും. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് ചിറ നവീകരിക്കുന്നത്. തകർച്ചയിലായിരുന്ന ചിറയുടെ സംരക്ഷണഭിത്തികൾ പൂർണമായും ഇടിച്ചുമാറ്റി, പുതിയത് നിർമിച്ചു.
സംരക്ഷണഭിത്തികളുടെ മുകൾഭാഗത്തെ കോൺക്രീറ്റിങ്ങോടെ നിർമാണപ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായി. ചിറയിലേക്കുള്ള നടവഴിയും സൗന്ദര്യവത്കരണവുമാണ് ശേഷിക്കുന്നത്. നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല നാലാം വാർഡിലാണ് പൂഴിക്കാട് ചിറ.
പൂഴിക്കാട് ലക്ഷംവീട് കോളനിയിലെ താമസക്കാരടക്കം കുളിക്കാനും തുണി അലക്കാനും ഉപയോഗിച്ചിരുന്ന ചിറയാണിത്. ഏറെക്കാലമായി ചിറ തീർത്തും നാശത്തിലാണ്. സംരക്ഷണഭിത്തികൾ ഇടിഞ്ഞുതള്ളിയും കരിയിലയും പായലും നിറഞ്ഞ് വെള്ളം നശിച്ചും ഉപയോഗശൂന്യമായിരിക്കെയാണ് നവീകരണത്തിന് പദ്ധതി തയാറാക്കിയത്. നേരത്തേ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ വൃത്തിയാക്കിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. പിന്നീട് ചിറ കൂടുതൽ നശിച്ചു. ജില്ല പഞ്ചായത്തംഗം വി. സുമാലാൽ മുൻകൈയെടുത്താണ് നവീകരിക്കൽ പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.