കൊട്ടാരക്കര-പുത്തൂർ-സിനിമാപറമ്പ് റോഡ് നിർമാണം പൂർത്തിയാക്കാൻ നടപടി
text_fieldsകൊട്ടാരക്കര: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട കൊട്ടാരക്കര-പുത്തൂർ-സിനിമാപറമ്പ് റോഡ് നിർമാണം പൂർത്തിയാക്കാൻ നടപടി തുടങ്ങി. പത്ത് കോടിയോളം രൂപ ചെലവിൽ പുനർനിർമാണത്തിന് ടെൻഡർ നടപടികളായി. ഏഴു തവണ ടെൻഡർ വിളിച്ചിട്ടും നിർമാണം ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. എട്ടാം ടെൻഡറിലാണ് പുതിയ കരാറുകാരൻ എത്തിയത്.
അയിഷാപോറ്റി എം.എൽ.എ. ആയിരുന്ന കാലത്താണ് കിഫ്ബിയിൽ ഉൾപ്പെടുത്തി കൊട്ടാരക്കര കോടതി സമുച്ചയം മുതൽ ശാസ്താംകോട്ട സിനിമാ പറമ്പ് വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമിക്കാൻ തീരുമാനമായത്. തുടക്കത്തിൽ തന്നെ നിർമാണം ഇഴയുകയും വിവാദത്തിലാവുകയും ചെയ്തതോടെ എക്സി. എൻജിനീയറടക്കം നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തിരുന്നു.
ഊർജിതമായി റോഡ് നിർമാണം പുനരാരംഭിച്ചെങ്കിലും പലപ്പോഴും മുടങ്ങി. കലുങ്കുകളുടെ നിർമാണം വശങ്ങളിൽ ഭിത്തി കെട്ടലും ആദ്യഘട്ട ടാറിങ്ങും നടന്നതോടെ നിർമാണം വീണ്ടും നിലച്ചു.
കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും യഥാസമയം കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും ജോലികൾ പൂർത്തിയാകാത്തതാണ് നിർമാണം വൈകാൻ കാരണമെന്ന ആരോപണം ഉയർന്നു. പല തവണ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുകയും മന്ത്രി കെ.എൻ. ബാലഗോപാൽ ഇടപെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. അറ്റകുറ്റപ്പണികൾ നടത്തി പരാതി ഒഴിവാക്കുന്നതായിരുന്നു രീതി.
ചിലയിടങ്ങളിൽ ഓടകളുടെ നിർമാണവും സുരക്ഷ ഭിത്തികളുടെ നിർമാണവും അവശേഷിക്കുന്നു. നിലവിൽ റോഡ് പലയിടത്തും അപകടക്കെണിയായി മാറി. കൊട്ടാരക്കരയിൽ റെയിൽവേ മേൽപാലത്തിന് സമീപം വലിയ കുഴികളായി. കോട്ടാത്തല പണയിൽ, പത്തടി ഭാഗങ്ങളിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. റോഡിന്റെ മധ്യത്തായി രൂപപ്പെട്ടിരിക്കുന്ന ഗട്ടറുകൾ ഇരുചക്ര വാഹനങ്ങളെ അപകടത്തിലാക്കുന്നു.
തുടർച്ചയായി മഴപെയ്യുന്നതിനാൽ അപകടസാധ്യതയേറുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഉൾപ്പെടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവിസ് നടത്തുന്ന റോഡ് ഏറെ തിരക്കേറിയ പാതകളിലൊന്നാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.