കലാകിരീടത്തിൽ മുത്തമിട്ട് കരുനാഗപ്പള്ളി
text_fieldsകൊട്ടാരക്കര: ലാസ്യനടന വിസ്മയമൊരുക്കി ദേശിംഗനാടിന്റെ കലാമേളയ്ക്ക് ആവേശകരമായ സമാപനം. കഴിഞ്ഞ അഞ്ച് ദിനരാത്രങ്ങള്‍ കഥകളിയുടെ നാട്ടില്‍ നവരസങ്ങള്‍ ചാലിച്ചെഴുതിയ ദൃശ്യ-ശ്രവ്യ ആവിഷ്ക്കാരം പെയ്തിറങ്ങി. നൃത്തവും സംഗീതവും അഭിനയവും സമ്മേളിച്ച വേദികളെല്ലാം ആസ്വാദന സദസിനാല് നിറഞ്ഞൊഴുകി. കലാവിസ്മയങ്ങളിൽ ആസ്വാദകരുടെ മനവും മിഴിയും നിറച്ചു. ഓരോ മല്‍സരങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. അവസാനദിനത്തില്‍ കലോല്‍സവവേദികളിലെ പ്രധാന ആകര്‍ഷങ്ങളായ നാടോടിനൃത്തവും സംഘനൃത്തവും ചവിട്ടുനാടകം, യക്ഷഗാനം, കന്നഡ വിഭാഗത്തിലെ ഉറുദ്ദു വിഭാഗത്തിലെയും മല്‍സരങ്ങളാണ് നടന്നത്. കൂടുതല്‍ പ്രാതിനിധ്യമുള്ള സംഘഗാനം, ദേശഭക്തിഗാനം എന്നിവയും അവസാന ദിനത്തിലായിരുന്നു.
തുടക്കം മുതൽ പുലർത്തിയ മുന്നേറ്റം കൈവിടാതെകാത്ത കരുനാഗപ്പള്ളി മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കി കുതിച്ചതോടെ ശനിയാഴ്ച രാവിലെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു. മത്സരങ്ങൾ അവസാനിക്കാതെ പാതിരാത്രിയിലേക്ക് നീണ്ടപ്പോഴും ആ മുന്നേറ്റത്തിന് ഇളക്കം തട്ടിയില്ല. അവസാന ഫലങ്ങൾ വരാനിരിക്കെ ഒന്നാം സ്ഥാനം കരുനാഗപ്പള്ളി ഉറപ്പിച്ചു. തൊട്ടുപിന്നാലെ ചാത്തന്നൂർ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തായി പുനലൂരും പിന്നിലുണ്ട്. അതേസമയം മത്സരങ്ങൾ അവസാനിക്കാതെ സമാപന സമ്മേളനം നടത്താനാകാതെ സംഘാടകരും ത്രിശങ്കുവിലായി. രാത്രി ഒമ്പതോടെ നടത്തിയ സമാപന സമ്മേളനത്തിലാണ് കരുനാഗപ്പള്ളിക്ക് കലാകിരീടം എന്ന ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. എന്നാൽ, സ്കൂളുകളിൽ മികച്ചതാരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് മാറ്റമില്ലാതെ കലോത്സവത്തിന്റെ അവസാന ദിവസം ഒന്നാം സ്ഥാനത്ത് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തിനു വേണ്ടി ഉത്തരം മാറിമറിഞ്ഞു നിന്നതോടെ അവസാന നിമിഷങ്ങൾ ആകാംക്ഷയുടേതായിരുന്നു.
പാതിരാത്രി വരെ നീണ്ട മത്സരങ്ങളും നാലാം ദിവസം വേദി ആറ് കാർമൽ എച്ച്. എസ്. എസിൽ എച്ച്.എസ് വിഭാഗം കോൽക്കളിയുടെ അവസാനം നടന്ന സംഘർഷവും തുടർന്ന് പോലീസ് ലാത്തി വീശിയതും കലോത്സവത്തിന്റെ അവസാന ദിവസം ഒന്നാം വേദിയിൽ സംഘനൃത്തത്തിന് അവസാനം നടന്ന തർക്കവും ജില്ല സ്കൂൾ കലോത്സവത്തിന്റെ മാറ്റുകുറക്കുന്നതായി.
ജില്ലയിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കാൻ ഉപജില്ലകളിൽ നിന്ന് അപ്പീലുകളിലൂടെ വലിയ തോതിൽ മത്സരാർഥികൾ വന്നതാണ് അസാധാരണമായി മത്സരങ്ങൾ വൈകാൻ കാരണമെന്നാണ് പ്രോഗ്രാം കമ്മിറ്റിയുടെ വിശദീകരണം. അവസാന ദിവസം പോലും നിരവധി പേരാണ് അപ്പീലുകളുമായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
അപ്പീൽ വഴിയെത്തിയ മത്സരാർഥികളുടെ 212 പേരായിരുന്നു. ഇതിൽ 3 എണ്ണം കോടതി വഴി എത്തിയതാണ്. സംസ്ഥാനതലത്തിലേക്കുള്ള അപ്പീലുകൾക്കും കുറവുണ്ടായില്ല. സമാപന ദിനമായ ഇന്നലെ വരെ 122 അപ്പീലുകൾ ആയിനത്തിലും എത്തി.
സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ 95 പോയന്റുമായി കരുനാഗപ്പള്ളി ഉപജില്ല ജേതാക്കളായി. എച്ച്.എസിൽ 95 പോയന്റുമായി ചാത്തന്നൂർ ഒന്നാമതായി. അറബിക് കലോത്സവത്തിൽ യു.പിയിൽ 65 ഉം എച്ച്.എസിൽ 95 പോയന്റ് നേടി കരുനാഗപ്പള്ളി ജേതാക്കളായി. കൊടിക്കുന്നിൽ സുരേഷ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിൽ ഉറപ്പായ കിരീടങ്ങൾ വേദിയിൽ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.