വീട് കുത്തിത്തുറന്ന് മോഷണം; എട്ടുപേർ പിടിയിൽ
text_fieldsകൊട്ടാരക്കര: ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കയറി മോഷണം നടത്തുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത നാല് പ്രതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ. ഇതിൽ രണ്ടുപേർ അറിഞ്ഞുകൊണ്ട് മോഷണമുതൽ വാങ്ങിയ ആക്രിക്കച്ചവടക്കാരാണ്.
കാരിക്കൽ പുളിവിളയിൽ ഷാജി (43), കുന്നത്തൂർ തോട്ടത്തുംമുറി ചരുവിളവീട്ടിൽ വിജിത് (18), പഴയ ചിറയിൽ ആക്രിക്കട നടത്തുന്ന പുതിയകാവ് കെ.എസ് പുരം പുത്തൻവീട്ടിൽ കിഴക്കതിൽ ഇർഷാദ് (47), സിനിമാപറമ്പിലെ ആക്രിക്കട ഉടമ ശാസ്താംകോട്ട അജി മൻസിലിൽ സജീവ് (41) എന്നിവരും 18 വയസ്സിൽ താഴയുള്ള നാലുപേരുമാണ് പിടിയിലായത്. കോഴിക്കോട് മരാമത്ത് വകുപ്പ് എക്സി.
എൻജിനീയർ എസ്.എൻ പുരം ഇടയാടി ജങ്ഷൻ വെട്ടിക്കുഴിവീട്ടിൽ ഷേർളിയുടെ വീട്ടിലാണ് മോഷണം നടത്തിയത്. മുപ്പതോളം ഓട്ടുപാത്രങ്ങളും 12 നിലവിളക്കുകളും മൂന്ന് ഓട്ടുരുളികളും കിണറ്റിലെ മോട്ടോറും കവർന്നു. ആറ് ഫാനുകൾ, ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവ നശിപ്പിച്ച നിലയിലായിരുന്നു. വീടിന്റെ ചുവരുകളിൽ അശ്ലീലചിത്രങ്ങളും അശ്ലീല വാചകങ്ങളും എഴുതിെവക്കുകയും ചെയ്തു. മുമ്പ് പ്രദേശത്തെ ഒരു സ്കൂളിന്റെ ഭിത്തിയിൽ ഇത്തരത്തിൽ എഴുതിയ സംഭവമുണ്ടായിരുന്നു. അന്ന് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണരഹസ്യം ചുരുളഴിഞ്ഞത്. കഴിഞ്ഞമാസമാണ് പ്രതികൾ മോഷണം നടത്തിയത്. വീടിന്റെ പിൻവശത്തെ ജനാല കുത്തിത്തുറന്ന് ഉള്ളിലേക്ക് കൈയിട്ട് കതകിന്റെ കൊളുത്ത് ഊരിയാണ് ഉള്ളിൽ പ്രവേശിച്ചത്. മൂന്നുദിവസമായാണ് ഇത്രയും സാധനങ്ങൾ കവർന്നത്. രണ്ടുദിവസം മുമ്പ് ഉടമസ്ഥ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും.
പുത്തൂർ എസ്.ഐ ടി.ജെ. ജയേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഭാസി, ഒ.പി. മധു, സുരേഷ്കുമാർ, എസ്.സി.പി.ഒ സജു, സി.പി.ഒമാരായ വിപിൻ, ശ്യാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികളെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.