പൊങ്ങൻപാറയിൽ 10 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
text_fieldsകൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ പൊങ്ങൻപാറയിൽ 10 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ചവണിപ്ലാവിള ഭാഗത്തായിരുന്നു ആക്രമണം. പ്രദേശവാസികളായ അനുസദനം ഓമനക്കുട്ടൻ പിള്ള, വാലു തുണ്ടിൽ ചന്ദ്രൻ കുട്ടി, ലിനീഷ് സദനിൽ ലിനീഷ് ലാൽ, ശ്രീലയത്തിൽ അനിൽകുമാർ, നെടിയവിള പുത്തൻവീട്ടിൽ മുരളീധരൻ പിള്ള, പൂവറ്റൂർ കിഴക്ക് ദീപ ഭവനിൽ സോമൻ എന്നിവർക്കാണ് പരിക്കേറ്റത്.
സോമന്റെ കൺപോളയോട് ചേർന്ന ഭാഗം വരെ കടിച്ചു. സ്കൂളിലേക്ക് കുട്ടികളെ വാഹനത്തിൽ കയറ്റിവിടാൻ പോയ രക്ഷകർത്താക്കൾക്ക് ഉൾപ്പെടെ കടിയേറ്റു. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് വരെയുള്ള സമയത്തിനിടെ പലയിടങ്ങളിലായാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.
പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. പൊങ്ങമ്പാറ, വിളികേൾക്കും പാറ, പൂവറ്റൂർ വെണ്ടാർ സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ തെരുവ് നായ്കളുടെ ശല്യം രൂക്ഷമാണ്. സ്കൂൾ വിട്ടു പുറത്തേക്ക് വന്ന കുട്ടികൾക്ക് കടിയേൽക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണന്ന് നാട്ടുകാർ പറഞ്ഞു. വെണ്ടാർ കിഴക്കൻ മാരൂർ ഭാഗത്ത് പകലും രാത്രിയും 50ലേറെ പട്ടികളാണ് അലഞ്ഞു തിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.