'സുജലം' പദ്ധതി: പാണ്ടറച്ചിറ നവീകരണം തുടങ്ങി
text_fieldsകൊട്ടാരക്കര: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൂർ പാണ്ടറച്ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ചിറയിലെ ചളി നീക്കം ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. വലിയ തോതിൽ ചളി അടിഞ്ഞിരിക്കുന്നതിനാൽ വളരെ ശ്രമപ്പെട്ടാണ് ചളി നീക്കം നടക്കുന്നത്. പായൽ നീക്കിയ ശേഷം ചിറ വറ്റിക്കും. തുടർന്ന് കൽക്കെട്ടിന്‍റെ തകർന്ന ഭാഗങ്ങളുടെ പുനർനിർമാണം നടക്കും.
റോഡിൽനിന്നും സമീപ ഭാഗങ്ങളിൽനിന്നും ഒഴുകി വരുന്ന വെള്ളം ചിറയിൽ ഇറങ്ങാത്ത സംവിധാനം, വശങ്ങളിൽ ടൈൽപാകിയ നടപ്പാത, അലങ്കാര രൂപങ്ങളും പൂച്ചെടികളും, സയാഹ്നങ്ങൾ ചെലവഴിക്കാൻ പാർക്ക്, ജി.ഐ പൈപ്പുകൾ ഉപയോഗിച്ച് സുരക്ഷാ വേലി, കുളിക്കടവ് നവീകരണം എന്നീ സൗകര്യങ്ങളൊരുക്കും. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ചിറയിൽനിന്ന് വെള്ളമെത്തിക്കാനുള്ള സംവിധാനവും നവീകരണത്തോടൊപ്പം ഒരുക്കും.
ജില്ല പഞ്ചായത്തിന്‍റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 31.40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സോയിൽ കൺസർവേഷൻ ഓഫിസിനാണ് ചുമതല. എത്രയും വേഗം നിർമാണം പൂർത്തിയാക്കി ഓണസമ്മാനമായി നാടിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊട്ടാരക്കര സോയിൽ കൺസർവേഷൻ സർവേയർ രാജ് കൃഷ്ണന്‍റെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.