താലൂക്ക് വികസനസമിതിയോഗം; ജലജീവൻ പദ്ധതി നടത്തിപ്പിൽ ക്രമക്കേടെന്ന്
text_fieldsകൊട്ടാരക്കര: ജലജീവൻ പദ്ധതി നടത്തിപ്പിൽ വലിയ ക്രമക്കേടുകൾ നടക്കുന്നതായി താലൂക്ക് വികസനസമിതിയിൽ ആരോപണം. കൊട്ടാരക്കര നഗരസഭയിൽ ശുദ്ധീകരണശാല നിർമാണത്തിനായി ഇതുവരെ ഭൂമിവാങ്ങിയിട്ടില്ല.
നെടുവത്തൂർ പഞ്ചായത്തിൽ പദ്ധതി നടത്തിപ്പിനായി അനുവദിച്ച തുകയിൽ 70 ലക്ഷം രൂപയുടെ കുറവുണ്ടായി. ഇതുസംബന്ധിച്ച വിജിലൻസ് അന്വേഷണത്തിന് പഞ്ചായത്ത് സമിതി ശിപാർശ ചെയ്തിരിക്കുകയാണ്. റോഡുകൾ കുഴിച്ചിട്ട് ഏറെനാളായിട്ടും പൂർവസ്ഥിതിയിലാക്കിയില്ല. വികസനസമിതി യോഗത്തിലും ആരോപണങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല.
തദ്ദേശസ്ഥാപനങ്ങളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിൽ സർവേ വിഭാഗം കാട്ടുന്ന അലംഭാവം വികസന പദ്ധതികളെ ബാധിക്കുന്നു. അനധികൃത നിർമാണമാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിലും കെട്ടിട നമ്പർ നൽകുന്നതിലും ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ആരോപണമുയർന്നു.
കൊട്ടാരക്കര പുലമൺ തോടിന്റെ വശങ്ങൾ അളന്നുതിരിക്കണമെന്ന ആവശ്യം ഇതുവരെ പൂർണമായി നടപ്പായിട്ടില്ല. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിനും പരിഹാരമായിട്ടില്ല. നഗരങ്ങളിലെ അനധികൃത നിർമാണങ്ങളാണ് ഗതാഗതക്കരുക്കിന് കാരണം.
നിലാവ് പദ്ധതിയിലുൾപ്പെട്ട തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള കരാർ കെ.എസ്.ഇ.ബി ലംഘിക്കുന്നു. നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു. മലപ്പത്തൂരിലെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഭൂരഹിതർക്കു വിതരണം ചെയ്യണം.
പുത്തൂർ ചന്തയിലേക്കുള്ള വഴിയിലെ പാർക്കിങ് വ്യാപകമാകുന്നത് തടയണം. കുടിവെള്ള ടാപ്പുകളിൽ ജലമില്ലെങ്കിലും വാട്ടർ അതോറിറ്റി ബിൽ ഈടാക്കുന്നത് തടയണം. ചിതറ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.